തണ്ണീർ കൊമ്പൻ്റെ മരണത്തിലേക്ക് നയിച്ചതെന്ത്? ഡോ. ഈശ്വരൻ പറയുന്നു

തണ്ണീർ കൊമ്പൻ ചെരിയാനുള്ള കാരണം മയക്കുവെടിവെച്ചതാണെന്നും അതല്ല ആരോഗ്യ പ്രശ്നങ്ങളാണ് കാരണമെന്നും രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നു.

വിവേക് വര്‍ഗീസ്
1 min read|04 Feb 2024, 09:10 pm
dot image

ഭീതി പരത്തിയ കാട്ടുകൊമ്പന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളിൽ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തിലാണ് തണ്ണീർക്കൊമ്പൻ മലയാളികളുടെ നൊമ്പരമായി മാറിയത്. കാടിറങ്ങിയ ഭീതിക്ക് അപ്പുറം കാട്ടുകൊമ്പന്മാർ നൊമ്പരമാകുന്ന കാഴ്ച ഇതിനു മുൻപും നമ്മൾ കണ്ടതാണ്. തണ്ണീർക്കൊമ്പന്റെ മരണകാരണത്തെപ്പറ്റി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. എന്നാൽ മരണ കാരണം സംബന്ധിച്ച് കർണ്ണാടക-കേരള ഫോറസ്റ്റ് വിഭാഗങ്ങൾ വ്യത്യസ്ത നിഗമനങ്ങളാണ് പങ്കുവയ്ക്കുന്നത്.

തണ്ണീർ കൊമ്പൻ ചെരിയാനുള്ള കാരണം മയക്കുവെടിവെച്ചതാണെന്നും അതല്ല ആരോഗ്യ പ്രശ്നങ്ങളാണ് കാരണമെന്നും രണ്ട് അഭിപ്രായങ്ങൾ നിലനിൽക്കുന്നു. മനുഷ്യരെ പരിശോധിച്ച് അതിനനുസരിച്ചുള്ള നടപടികൾ ചെയ്യുന്നത് പോലെ എളുപ്പമല്ല വന്യമൃഗങ്ങളുടെ കാര്യത്തിൽ. ആരോഗ്യ നില മനസ്സിലാക്കുന്നതുൾപ്പെടെ അനവധി പ്രതിസന്ധികളുണ്ട്.

തണ്ണീർ കൊമ്പന്റെ മരണത്തിന് ഒന്നിലധികം കാരണങ്ങളുണ്ടായേക്കാമെന്നാണ് റി. ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ഡോ. ഈശ്വരൻ ഇകെ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞത്. 'പകൽ മുഴുവൻ അലഞ്ഞുനടന്ന ആനയുടെ ശരീരതാപനില ഉയർന്നിരിക്കാം. അതേസമയം, ആവശ്യമായ വെള്ളം ലഭിക്കാതിരുന്നതും ഒരു കാരണമായേക്കാം. അതോടൊപ്പം പടക്കം പൊട്ടിച്ചതും ആളുകൾ ഉണ്ടാക്കിയ പരിഭ്രാന്തിയും ആനയിൽ സമ്മർദ്ദം ഉണ്ടാക്കി.

വന്യമൃഗങ്ങളുടെ കാര്യത്തിൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനം കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തത് ഒരു പ്രശ്നമായി നിലനിൽക്കുന്നു. അത് എപ്പോഴും ഒരു റിസ്ക്ക് ഫാക്ട്ടർ ആണ്. മയക്കുവെടി നൽകുമ്പോൾ വന്യമൃഗങ്ങൾ രക്ഷപെടാനുള്ള സാധ്യത 50-50 % ആണ്. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ആന മരിക്കാനുള്ള സാധ്യത 20% ആണ്. മയക്കുവെടി നൽകിയാലും ആന ഒരിക്കലും പൂർണ്ണമായ മയക്കത്തിലേക്ക് എത്തില്ല'. നിലവിൽ നൽകുന്ന മയക്കുവെടിയുടെ അളവ് കൂടിയാൽ പോലും (സേഫ്റ്റി ഓഫ് മാർജിൻ) അത് ഒരിക്കലും മരണത്തിലേയ്ക്ക് നയിക്കില്ലായെന്നും ഡോ. ഈശ്വരൻ പറഞ്ഞു. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ആനയുടെ പെരുമാറ്റവും മറ്റ് രീതികളും വച്ച് അതിന്റെ അരോഗ്യനില കുറേ കൂടി മനസിലാക്കാൻ സാധിക്കുമെന്നതും അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ദിപ്പൂർ ഫോറസ്റ്റ് ഡിവിഷനിലെ രാമപുര ബേസ് ക്യാമ്പിലായിരുന്നു തണ്ണീർ കൊമ്പൻ്റെ പോസ്റ്റ്മോര്ട്ടം നടന്നത്. കേരള-കർണാടക വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു നാലു മണിക്കൂറിലേറെ നീണ്ടുനിന്ന പോസ്റ്റ്മോര്ട്ടം. പോസ്റ്റ്മോര്ട്ടം നടപടികൾ പൂർത്തിയാക്കി ആനയുടെ ജഡം ഉൾവനത്തിൽ സംസ്കരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us