പുതിയ നിക്ഷേപസാധ്യതകളും വരുമാന മാര്ഗ്ഗങ്ങളും ആരായുന്ന സംസ്ഥാന ബജറ്റ് ഇടതുപക്ഷത്തിന്റെ പുതിയ നയസമീപനങ്ങളുടെ കൂടി സൂചനയായി വേണം വിലയിരുത്താന്. ചൈനീസ് വികസന മാതൃകയെക്കുറിച്ചുള്ള സൂചന ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില് തന്നെ ബാലഗോപാല് നല്കിയിരുന്നു. 1970കളില് ചൈനീസ് നേതൃത്വം തുടക്കം കുറിച്ച സാമ്പത്തിക പരിഷ്കരണ നയസമീപനത്തിന്റെ ഭാഗമായുള്ള വികസന മാതൃകയാണ് ബാലഗോപാല് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ചൈനീസ് ഭരണകൂടത്തിൻ്റെ തുറന്ന സമീപനം ചൈനയുടെ പിന്നീടുള്ള മുന്നേറ്റത്തിലും പ്രതിഫലിച്ചിരുന്നു. ബജറ്റിലെ നയമാറ്റം പ്രത്യയശാസ്ത്ര വ്യതിചലനമെന്ന ആക്ഷേപം ഉയരുകയാണെങ്കില് അതില് നിന്നുള്ള മുന്കൂര് ജാമ്യം എന്ന നിലയിലും കേരള വികസനത്തില് ചൈനീസ് മാതൃക സ്വീകരിക്കും എന്ന ബാലഗോപാലിൻ്റെ നിലപാടിനെ വിലയിരുത്താം.
എന്തായാലും ഇടതുപക്ഷത്തിന്റെ വ്യവസ്ഥാപിത നയസമീപനങ്ങളില് നിന്നും വ്യത്യസ്തമായി കുറച്ചുകൂടി ഉദാരമായ തുറന്ന സമീപനം ബാലഗോപാലിന്റെ ബജറ്റില് വ്യക്തമാണ്. കേരളത്തിന്റേത് സൂര്യോദയ സമ്പദ്വ്യവസ്ഥയാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു ബാലഗോപാലിന്റെ പ്രസംഗം ആരംഭിച്ചത്. സമ്പദ്വ്യവസ്ഥയുടെ സാമ്പത്തിക വളര്ച്ചയ്ക്ക് വലിയ സംഭാവന നല്കുന്ന പുതിയതലമുറ വ്യവസായങ്ങളാണ് സുര്യോദയ മേഖലയെന്ന് വിവക്ഷിക്കപ്പെടുന്നത്. അതിനാല് തന്നെ താന് അവതരിപ്പിച്ച ബജറ്റ് സൂര്യോദയ ബജറ്റാണെന്ന് ധനമന്ത്രി തന്നെ അവകാശപ്പെടുമ്പോള് അതിന് വലിയ മാനങ്ങളുണ്ട്.
സംസ്ഥാനത്തേയ്ക്ക് മൂന്ന് ലക്ഷം കോടി വികസനം കൊണ്ടുവരുമെന്ന് ബജറ്റില് അവകാശപ്പെടുന്ന ധനകാര്യമന്ത്രി പൊതുസ്വകാര്യ മൂലധനം ഇതിനായി ഉറപ്പാക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചത് മന്ത്രി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങള്ക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നടപ്പാക്കുമെന്നും ഇതിനായി പുതുതലമുറ നിക്ഷേപമാര്ഗ്ഗങ്ങള് സ്വീകരിക്കുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സിയാല് മോഡല് നിക്ഷേപങ്ങള് സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തില് ചൂണ്ടിക്കാണിച്ചിരുന്നു.
വിദേശമലയാളികളുടെ അടക്കം ഉള്പ്പെടുത്തി പ്രത്യേക വികസന സോണ് എന്ന പ്രഖ്യാപനവും സൂക്ഷ്മമായി വിലയിരുത്തിയാല് നയംമാറ്റ സൂചനയാണ്. ഒരുകാലത്ത് സിപിഐഎം എതിര്ത്ത നിക്ഷേപസംഗമത്തിന് അനുകൂലമായ നീക്കവും ബജറ്റ് വ്യക്തമാക്കുന്നുണ്ട്. സ്വകാര്യമേഖലയുടെ സഹായത്തോടെ പുതിയ വികസനമാതൃക സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും ബജറ്റ് പ്രസംഗത്തില് ബാലഗോപാല് നടത്തിയിരുന്നു. പുതിയതായി 25 സ്വകാര്യ വ്യസായ പാര്ക്കുകള് തുടങ്ങുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്. ടൂറിസം മേഖലയിലും സ്വകാര്യപങ്കാളിത്തത്തിനുള്ള നീക്കം ബജറ്റ് അടിവരയിടുന്നു.
വിദ്യാഭ്യാസമേഖലയില് വരുത്തുമെന്ന പറയുന്ന മാറ്റങ്ങളാണ് ഇടതുസര്ക്കാരിന്റെ നയംമാറ്റമെന്ന നിലയില് കൃത്യമായി അടയാളപ്പെടുത്താന് കഴിയുക. എറണാകുളത്ത് നടന്ന കഴിഞ്ഞ സിപിഐഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള നയരേഖയില് വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിച്ചിരുന്ന നയംമാറ്റം വലിയ നിലയില് ചര്ച്ചയായിരുന്നു. ഈ സമീപനങ്ങളുടെ ചുവടുപിടിച്ച് തന്നെയാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ നയംമാറ്റം ബാലഗോപാല് മുന്നോട്ട് വെച്ചിരിക്കുന്നത്. വിദേശസര്വ്വകലാശാലകളുടെ കാമ്പസുകള് കേരളത്തില് ആരംഭിക്കുമെന്ന് ബജറ്റ് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സര്വ്വകലാശാലകള് അരംഭിക്കുന്നതിലും സര്ക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് ബഡ്ജറ്റ് പ്രസംഗം അടിവരയിടുന്നുണ്ട്.
കൊച്ചി-ബെംഗളൂരൂ വ്യവസായ ഇടനാഴിയെന്ന പ്രഖ്യാപനം വലിയ മൂലധനനിക്ഷേപത്തിന് സര്ക്കാര് മുന്കൈ എടുക്കുമെന്ന സൂചന തന്നെയാണ്. റോഡ് വികസനത്തിന് മാത്രമായി ഈ പദ്ധതിയുടെ ഭാഗമായി 200 കോടി രൂപ മുതല്മുടക്കാന് സര്ക്കാര് തയ്യാറാകുമ്പോള് ലക്ഷ്യം വ്യക്തമാണ്. സംസ്ഥാന സ്റ്റാര്ട്അപ്പ് മിഷന് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ട്രാക്ക് റെക്കോര്ഡുള്ള സംരഭമാണ്. എന്നാല് സ്റ്റാര്ട്ട്അപ്പ് സ്ഥാപനങ്ങളിലും ഓഹരിനിക്ഷേപം എന്ന ആശയവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ സാമ്പത്തിക വളര്ച്ചയ്ക്ക് കാര്യമായ സംഭാവനകൾ നല്കാത്ത പരമ്പരാഗത വ്യവസായ മേഖലകളെക്കാൾ പ്രാധാന്യം ബാലഗോപാലിൻ്റെ ബജറ്റിൽ പുതിയ തലമുറ വ്യവസായങ്ങൾക്കുണ്ട്. ഈ നിലയിൽ സൂര്യാസ്തമയ മേഖലകളായി കണക്കാക്കുന്ന പരമ്പരാഗത മേഖലയെക്കാൾ പ്രധാന്യം സൂര്യോദയ മേഖലകൾക്ക് നൽകുന്നതാണ് ബജറ്റെന്ന് വ്യക്തമാണ്.