തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം സമ്പൂർണ ബജറ്റ് അവതരണത്തിൽ പ്രധാന ചർച്ചയാകുന്നത് വികസനവും സ്വകാര്യ നിക്ഷേപത്തിനുള്ള പ്രാധാന്യവും. ഇതിനൊപ്പം സർക്കാരിൻ്റെ നിലപാട് കൂടി ധനകാര്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. ബജറ്റിന്റെ പുറം ചട്ട ഭരണഘടനയുടെ ആമുഖമാണെന്നത് തന്നെയാണ് പ്രധാന പ്രത്യേകത. കേന്ദ്രസർക്കാരിൻ്റെ രാഷ്ട്രീയ നിലപാടുകളോട് മതേതരത്വവും ഭരണഘടനയും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികരിക്കുന്ന പശ്ചാത്തലത്തിലാണ് ബജറ്റിന്റെ പുറം ചട്ടയായി ഭരണഘടനയുടെ ആമുഖം ഇടംപിടിച്ചിരിക്കുന്നത്.
കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് പറഞ്ഞായിരുന്നു ധനമന്ത്രി അവതരണം ആരംഭിച്ചതെങ്കിൽ വള്ളത്തോളിന്റെ കവിത ചൊല്ലിയാണ് ബജറ്റ് അവതരണം അവസാനിപ്പിച്ചത്. ''ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാവണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ'' എന്ന കവിതയോടെയായിരുന്നു ബജറ്റ് അവസാനിപ്പിച്ചത്. മാത്രമല്ല, മുൻ ധനമന്ത്രി ടി എൻ തോമസ് ഐസക്കിൽ നിന്ന് വ്യത്യസ്തമായി ബജറ്റ് അവതരണം ഹ്രസ്വമായി അവതരിപ്പിക്കുന്ന കെ എൻ ബാലഗോപാലിന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം കൂടിയാണിത്. രണ്ടര മണിക്കൂറാണ് അദ്ദേഹത്തിന്റെ ബജറ്റ് അവതരണ പ്രസംഗം നീണ്ടത്.
പരിഗണനയും മുൻഗണനയും ആർക്കെല്ലാം? കേരള ബജറ്റ് ഒറ്റനോട്ടത്തിൽ