ബജറ്റ് കേരളത്തിൻ്റെ സമകാലിക യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്തത്: വി മുരളീധരൻ

കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്നതാണ് ബജറ്റ്

dot image

ന്യൂഡൽഹി: ബജറ്റ് കേരളത്തിൻ്റെ സമകാലിക യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവും ഇല്ലാത്തതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാന ബജറ്റ് അവതരണം കേട്ടപ്പോൾ ചിരിയ്ക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണെന്നും മുരളീധരൻ പരിഹസിച്ചു. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്നതാണ് ബജറ്റെന്നും മന്ത്രി കുറ്റപ്പെടുത്തി.

മുതലപ്പൊഴി ഹാർബർ പറച്ചിൽ മാത്രമാണുള്ളത്. ദേശീയ പാതാ വികസനം സംബന്ധിച്ച് സംസ്ഥാനവും കേന്ദ്രവുമായുള്ള കരാറിൽ ഒപ്പിടാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കേരളം. ഔട്ടർ റിങ് റോഡ് നിർമ്മാണത്തിന് നഷ്ടപരിഹാരം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. അൻപത്തി ഏഴായിരം കോടിയുടെ കണക്ക് ഈ ബജറ്റിലും കണ്ടു. ഈ ദശകത്തിലെ വലിയ തമാശയാണ് ബജറ്റെന്നും വി മുരളീധരൻ പരിഹസിച്ചു.

നിയമസഭാ വേദിയെ ഗീബൽസിയൻ നുണകൾ പറയാനുള്ള വേദിയാക്കുന്നു. ഡൽഹി സമരത്തിലെ ചെലവ് ഏത് ഗണത്തിൽ പെടുത്തും. സിപിഐഎമ്മിൻ്റെ രാഷ്ട്രീയ പ്രചാരണ നരേറ്റീവിന് വേണ്ടിയാണ് ഡൽഹി സമരം. അരക്കോടി ചെലവഴിക്കുന്നതിൽ ധനമന്ത്രി വ്യക്തത വരുത്തണം. റബ്ബറിൻ്റെ താങ്ങ് വില പത്ത് രൂപയാണ് കൂട്ടിയത്. അത് തന്നെ എവിടുന്ന് എടുത്ത് കൊടുക്കും. സ്വകാര്യ സർവ്വകലാശാലകളുടെ കാര്യത്തിൽ സിപിഐഎം നിലപാട് മാറ്റിയോ എന്ന് ഗോവിന്ദൻ മാഷ് പറയണം. മറ്റുള്ള സംസ്ഥാനങ്ങൾ ക്ഷേമ പെൻഷൻ കൊടുക്കാൻ പണമില്ലെന്ന് പറഞ്ഞല്ല സമരം ചെയ്യുന്നത്. കടക്കെണിയിലാണെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയ ഏക സംസ്ഥാനം കേരളമാണെന്നും വി മുരളീധരൻ പറഞ്ഞു.

കേന്ദ്രത്തെ വിമർശിച്ചായിരുന്നു ധനകാര്യമന്ത്രിയുടെ ബജറ്റ് അവതരണം. ഭരണഘടനയുടെ ആമുഖം ബജറ്റിൻ്റെ പുറം ചട്ടയിൽ ഇടംപിടിച്ചു. കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് പറഞ്ഞായിരുന്നു ധനമന്ത്രി അവതരണം ആരംഭിച്ചതെങ്കിൽ വള്ളത്തോളിന്റെ കവിത ചൊല്ലിയാണ് ബജറ്റ് അവതരണം അവസാനിപ്പിച്ചത്. രണ്ടര മണിക്കൂർ പ്രസംഗം നീണ്ടു. ബാലഗോപാലിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം കൂടിയായിരുന്നു ഇത്. വിഴിഞ്ഞം, ദേശീയപാതാ വികസനം തുടങ്ങിയവ ബജറ്റിന്റെ തുടക്കത്തിൽ ഇടംപിടിച്ചിരുന്നു.

1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. റവന്യൂ കമ്മി 27,846 കോടി രൂപയും ധനക്കമ്മി 44,529 കോടി രൂപയുമാണ്. നികുതി വരുമാനത്തില് 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില് 1503 കോടി രൂപയുടെയും വര്ദ്ധനവ് ഈ ബജറ്റ് ലക്ഷ്യമിടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us