കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജിയില് ഹൈക്കോടതി വിധി ഇന്ന്. കേസിലെ ഏകപ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് രണ്ട് ഹര്ജികളിലും വിധി പറയുന്നത്. പൊലീസ് നിലപാടില് സംശയമുണ്ടെന്നും പ്രതി സന്ദീപിന് രക്ഷപെടാന് പൊലീസ് പഴുതൊരുക്കിയെന്നും ഈ സാഹചര്യത്തില് സിബിഐ അന്വേഷണം വേണമെന്നുമാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ ആവശ്യം.
ക്രൈംബ്രാഞ്ച് ശാസ്ത്രീയമായി അന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം നല്കിയ കേസില് സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്ക്കാരിന്റെ വാദം. ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളുടെ ഏത് ആവശ്യവും കേള്ക്കാന് തയ്യാറാണെന്നും സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചിരുന്നു. മറ്റൊരു ഏജന്സിയുടെ അന്വേഷണം ആവശ്യമില്ലാത്ത കേസാണിതെന്നും സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നുമാണ് സിബിഐയുടെ നിലപാട്.
അന്വേഷണത്തില് പിഴവുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് വന്ദന ദാസിന്റെ മാതാപിതാക്കള് നല്കിയ ഹര്ജിയിലെ ആവശ്യം. പൊലീസ് ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.
കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ 2023 മെയ് 10ന് പുലർച്ചെയാണ് ഡോ. വന്ദനാ ദാസ് ആക്രമിക്കപ്പെടുന്നത്. പൊലീസ് പരിശോധനയ്ക്കായി കൊണ്ടുവന്ന സന്ദീപ് എന്ന യുവാവ് അത്യാഹിത വിഭാഗത്തിൽ വച്ച് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.