![search icon](https://www.reporterlive.com/assets/images/icons/search.png)
തൃശൂർ: വ്യാജലഹരി കേസിൽ തന്നെ കുടുക്കിയത് മരുമകളും സഹോദരിയുമാണെന്ന് ചാലക്കുടി വ്യാജലഹരി കേസിൽ പ്രതിയായിരുന്ന ഷീല സണ്ണി. മരുമകൾക്ക് വേണ്ടിയാണ് നാരായണദാസ് എക്സൈസിന് വ്യാജ വിവരം നൽകിയതെന്നും ഷീല പറഞ്ഞു. കേസിന് ഉത്തരവാദികളായ മുഴുവൻ പേരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേസിൽ തന്നെ പെടുത്തിയതിനുള്ള കാരണം അറിയാനുള്ള അവകാശം തനിക്കുണ്ടെന്നും ഷീല സണ്ണി പറഞ്ഞു. അതേ സമയം കേസിൽ പ്രതി ചേർത്ത നാരായണദാസ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ പെടുത്താൻ എക്സൈസിന് വിവരം നൽകിയ ആളെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസിനെ കേസിൽ പ്രതിചേർത്തു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്താണ് പ്രതിചേർക്കപ്പെട്ട നാരായണദാസ്. മരുമകളും സഹോദരിയും ചേർന്നാണ് തൻ്റെ വാഹനത്തിൽ വ്യാജ ലഹരി മരുന്ന് കൊണ്ടുവച്ചതെന്ന് ഷീല സണ്ണി പറഞ്ഞു. താനുമായി യാതൊരു ബന്ധവുമില്ലാത്ത നാരായണദാസിന് തന്നെ കുടുക്കേണ്ട ആവശ്യമില്ലെന്ന് ഷീല വ്യക്തമാക്കുന്നു. മരുമകൾക്ക് വേണ്ടിയാണ് ചെയ്തതെന്നും അവർ പറഞ്ഞു.
ആദ്യഘട്ടത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി ഷീല സണ്ണി ആരോപിച്ചു. അതേസമയം പ്രതിചേർക്കപ്പെട്ട നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് തന്നെ വ്യാജമായി പ്രതിചേര്ത്തുവെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. കുറ്റകൃത്യത്തില് തനിക്ക് പങ്കില്ലെന്നും ഉദ്യോഗസ്ഥര് വേട്ടയാടുന്നുവെന്നും നാരായണദാസ് ഹർജിയിൽ വ്യക്തമാക്കി. ഈ മാസം 27 ന്, വ്യാജലഹരി കേസ് ഉണ്ടായി ഒരു വർഷം പിന്നിടുകയാണ്.
കേരളത്തിന്റെ ഡൽഹി സമരത്തിൽ ഡിഎംകെ പങ്കെടുക്കും; മുഖ്യമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിൻ