ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതില്ക്കല് എത്തിനില്ക്കെ ഇടത്-വലത് മുന്നണികളും എന്ഡിഎയും സ്ഥാനാര്ത്ഥി നിര്ണ്ണയ കൂടിയാലോചനകളിലേയ്ക്ക് കടന്നിരിക്കുകയാണ്. സിപിഐഎമ്മിനെ സംബന്ധിച്ച് കാലങ്ങളോളം തങ്ങളുടെ ഉറച്ച മണ്ഡലമായിരുന്ന കാസര്കോട് തിരിച്ചുപിടിക്കുക എന്നത് ഇത്തവണ അഭിമാന പ്രശ്നമാണ്. സിപിഐഎമ്മിന്റെ ഉറച്ച കോട്ടയില് 2019ല് കോണ്ഗ്രസിന്റെ രാജ്മോഹന് ഉണ്ണിത്താന് അട്ടിമറി വിജയം നേടുകയായിരുന്നു. 40438 വോട്ടുകള്ക്കായിരുന്നു രാജ്മോഹന് ഉണ്ണിത്താന്റെ വിജയം. ഇത്തവണയും രാജ്മോഹന് ഉണ്ണിത്താന് തന്നെയാവും കോണ്ഗ്രസ് സ്ഥാനാര്ത്ഥിയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
2019ലെ അപ്രതീക്ഷിത വിജയത്തിന് ശേഷം മണ്ഡലത്തില് നിറഞ്ഞ് നില്ക്കാന് രാജ്മോഹന് ഉണ്ണിത്താന് ശ്രദ്ധിച്ചിരുന്നു. 2019ല് മത്സരിക്കാനെത്തുമ്പോള് ഉള്ളതിനെക്കാള് ബന്ധം മണ്ഡലവുമായി രാജ്മോഹന് ഉണ്ണിത്താനുണ്ട് എന്നതാണ് ഇത്തവണ ഇടതുപക്ഷത്തിന് കൂടുതല് വെല്ലുവിളിയാവുക എന്നത് തീര്ച്ചയാണ്. കാസര്കോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില് മുസ്ലിം ലീഗിന് ശക്തമായ വേരോട്ടമുണ്ട്. രാജ്മോഹന് ഉണ്ണിത്താന് വേണ്ടി 2019ല് കോണ്ഗ്രസ് പ്രവര്ത്തകരെക്കാള് ആവേശത്തോടെ രംഗത്തിറങ്ങിയത് ലീഗ് പ്രവര്ത്തകരായിരുന്നു. ഇത്തവണയും മുസ്ലിം ലീഗിന്റെ ആഴത്തിലുള്ള പിന്തുണ രാജ്മോഹന് ഉണ്ണിത്താന് കരുത്തായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രാജ്മോഹന് ഉണ്ണിത്താനില് നിന്ന് മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഒരുക്കങ്ങള്ക്ക് സിപിഐഎം ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. 2014ല് സിപിഐഎമ്മിന്റെ പി കരുണാകരന്റെ വിജയം 6921 വോട്ടിന് മാത്രമായിരുന്നു. 2009ല് പി കരുണാകരന് 64427 വോട്ടിനായിരുന്നു വിജയിച്ചത്. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകള് പരിശോധിക്കുമ്പോള് കാസര്കോടിന്റെ ഇടതുപക്ഷ അനുഭാവത്തില് മാറ്റമുണ്ടായിട്ടുണ്ട് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഈ മാറ്റം താല്ക്കാലികമല്ലെന്ന് തെളിയിക്കുന്നതിന് വേണ്ടിയാവും രാജ്മോഹന് ഉണ്ണിത്താന് രണ്ടാം അങ്കത്തിനിറങ്ങുക. കാസര്കോട് ഇളക്കമില്ലാത്ത കോട്ടയാണെന്ന് തെളിയിക്കാനാവും സിപിഐഎം കച്ചകെട്ടിയിറങ്ങുക.
സിപിഐഎം മൂന്ന് പേരെയാണ് പ്രധാനമായും കാസര്കോട് മണ്ഡലത്തിലേയ്ക്ക് പരിഗണിക്കുന്നത്. മുന് കല്യാശേരി എംഎല്എയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി വി രാജേഷാണ് പരിഗണനാ പട്ടികയില് മുന്പന്തിയില്. സിപിഐഎം കാസര്കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും കാസര്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫയും സാധ്യതാ പട്ടികയിലുണ്ട്.
കാസര്കോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കല്ല്യാശേരി നിയമസഭാ മണ്ഡലത്തില് നിന്ന് രണ്ട് തവണ എംഎല്എയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ടിവി രാജേഷിന് അനുകൂല ഘടകമാണ്. പയ്യന്നൂരിലെ സിപിഐഎമ്മില് അടുത്തിടെ വിഭാഗീയ നീക്കങ്ങള് ഉണ്ടായപ്പോള് പാര്ട്ടി ടി വി രാജേഷിനെയാണ് ഏരിയാ സെക്രട്ടറിയായി നിയോഗിച്ചത്. എല്ലാ വിഭാഗങ്ങള്ക്കും സ്വീകാര്യമായ നിലയില് വിഭാഗീയ വിഷയം കൈകാര്യം ചെയ്യാന് ടി വി രാജേഷിന് സാധിച്ചിരുന്നു. പയ്യന്നൂര്, കല്ല്യാശേരി മണ്ഡലങ്ങളിലുള്ള സ്വാധീനമാണ് ടി വി രാജേഷിന് മേല്ക്കൈ നല്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി വി രാജേഷിന് കണ്ണൂര്-കാസര്കോട് മേഖലകളില് വ്യാപകമായ ബന്ധങ്ങളുണ്ടെന്നതും സിപിഐഎം പരിഗണിക്കുന്നുണ്ട്.
സിപിഐഎം കാസര്കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനാണ് സിപിഐഎം പരിഗണനാ പട്ടികയിലുള്ള മറ്റൊരു നേതാവ്. കാസര്കോട് ജില്ലിയിലെ കരുത്തനായ നേതാവാണ് എം വി ബാലകൃഷ്ണന്. എന്നാല് സിപിഐഎമ്മിന് ഏറ്റവും കൂടുതല് ലീഡ് സമ്മാനിക്കുന്ന പയ്യന്നൂര്, കല്യാശ്ശേരി മണ്ഡലങ്ങളില് ബാലകൃഷ്ണന് അത്രയും സുപരിചിതനല്ല എന്നത് തിരിച്ചടിയാണ്. 2019ല് കെ പി സതീശ് ചന്ദ്രന് തിരിച്ചടിയായ ഘടകങ്ങള് അതേ നിലയില് എം വി ബാലകൃഷ്ണനും ബാധകമാണ് എന്നതും പ്രധാനമാണ്.
കാസര്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വിപിപി മുസ്തഫയും സിപിഐഎമ്മിന്റെ പരിഗണനാ പട്ടികയിലുണ്ട്. നേരത്തെ എം വി ഗോവിന്ദന്റെയും എം ബി രാജേഷിന്റെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വിപിപി മുസ്തഫയെ കാസര്കോട് മത്സരിക്കുന്നതിനായാണ് പേഴ്സണല് സ്റ്റാഫില് നിന്നും ഒഴിവാക്കുന്നതെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു.
എന്ഡിഎയുടെ പരിഗണനാപട്ടികയില് മുതിര്ന്ന നേതാവ് പി കെ കൃഷ്ണദാസും രവീശ തന്ത്രി കുണ്ടാറുമാണുള്ളത്. മഞ്ചേശ്വരം, കാസര്കോഡ് നിയമസഭാ മണ്ഡലങ്ങളില് സ്വാധീനമുണ്ടെങ്കിലും കാസര്കോട് ലോക്സഭാ മണ്ഡലത്തില് ബിജെപി നിര്ണ്ണായക സ്വാധീനമാണെന്ന് കണക്കാക്കാനാവില്ല. 2019ല് 16 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്കായി മത്സരിച്ച രവീശ തന്ത്രി കുണ്ടാറിന് നേടാന് സാധിച്ചത്. നിലവിലെ സാഹചര്യത്തില് മുതിര്ന്ന നേതാവായ പി കെ കൃഷ്ണദാസിനാണ് കാസര്കോട് കൂടുതല് സാധ്യത. ദേശീയ നേതാവ് എന്ന നിലയിലുള്ള പി കെ കൃഷ്ണദാസിന്റെ സാധ്യത മണ്ഡലത്തില് ഗുണകരമാകുമെന്നാണ് ബിജെപി കണക്കാക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില് കാസര്കോട് മണ്ഡലത്തില് പരാജയപ്പെട്ടത് രവീശ തന്ത്രി കുണ്ടാറിന് തിരിച്ചടിയാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില് കാസര്കോട് മണ്ഡലത്തില് ശക്തമായ മത്സരം കാഴ്ചവയ്ക്കാന് രവീശ തന്ത്രി കുണ്ടാറിന് സാധിച്ചിരുന്നു.