തൃശ്ശൂര്: ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് പോകുമ്പോള് ആരെയിറക്കും മുന്നണികള്

ഒരു തവണ യുഡിഎഫ് വിജയിക്കുമ്പോള് അടുത്ത തവണ എല്ഡിഎഫ് വിജയിക്കുന്ന ശീലം കഴിഞ്ഞ കുറെ തവണയായി തൃശ്ശൂര് ലോക്സഭ മണ്ഡലത്തിനുണ്ട്.

dot image

ബിജെപി സ്ഥാനാര്ത്ഥിയായി സുരേഷ് ഗോപിയെ വീണ്ടും മത്സരിപ്പിക്കാന് പാര്ട്ടി നേതൃത്വം തീരുമാനിച്ചതോടെ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ ലോക്സഭ മണ്ഡലമായിരിക്കുകയാണ് തൃശ്ശൂര് ലോക്സഭ മണ്ഡലം. അത് കൊണ്ട് തന്നെ എല്ഡിഎഫും യുഡിഎഫും സ്ഥാനാര്ത്ഥികളായി ആരെ നിയോഗിക്കുമെന്ന് അറിയാന് താല്പര്യം കൂടുതലാണ് വോട്ടര്മാര്ക്ക്.

ടി എന് പ്രതാപന്- യുഡിഎഫ്

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് പരാജയമറിയാത്ത നേതാവാണ് ടിഎന് പ്രതാപന്. നാട്ടികയില് നിന്നും കൊടുങ്ങല്ലൂരില് നിന്നും നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും കഴിഞ്ഞ തവണ തൃശ്ശൂര് പാര്ലമെന്റ് മണ്ഡലത്തില് നിന്ന് മത്സരിച്ചപ്പോഴും വിജയം പ്രതാപനൊപ്പം നിന്നു. കെ കരുണാകരന്റെ തട്ടകമായിരുന്ന തൃശ്ശൂരില് കോണ്ഗ്രസിനോടൊപ്പം നില്ക്കുന്ന സാമൂഹ്യ വിഭാഗങ്ങളുമായെല്ലാം നല്ല ബന്ധം പുലര്ത്തുന്ന പ്രതാപനെ തന്നെ വീണ്ടും സ്ഥാനാര്ത്ഥിയാക്കാനാണ് കോണ്ഗ്രസ് താല്പര്യപ്പെടുന്നത്. സുരേഷ് ഗോപിയെ തന്നെ സ്ഥാനാര്ത്ഥിയാക്കി ബിജെപി ഒന്ന് ഞെട്ടിച്ചപ്പോഴും 415, 089 വോട്ട് സ്വന്തമാക്കി 93,633 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പ്രതാപന് വിജയിച്ചു കയറിയത്. കഴിഞ്ഞ ആറ് മാസമായി തിരഞ്ഞെടുപ്പില് തന്നെ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന പ്രതാപന് തൃശ്ശൂരില് വീണ്ടും തന്റെ വിജയഗാഥ ആവര്ത്തിക്കുമെന്ന വിശ്വാസത്തിലാണ് കോണ്ഗ്രസ് പരിഗണിക്കുന്നത്.

വി എസ് സുനില്കുമാര്-തൃശ്ശൂര്

ഒരു തവണ യുഡിഎഫ് വിജയിക്കുമ്പോള് അടുത്ത തവണ എല്ഡിഎഫ് വിജയിക്കുന്ന ശീലം കഴിഞ്ഞ കുറെ തവണയായി തൃശ്ശൂര് ലോക്സഭ മണ്ഡലത്തിനുണ്ട്. ആ ഒരു ചരിത്രം ആത്മവിശ്വാസം പകരുമ്പോള് തന്നെ സുരേഷ് ഗോപി ഫാക്ടര് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കി മാറ്റുന്നുണ്ടെന്ന് എല്ഡിഎഫിന് അറിയാം. അത് കൊണ്ട് തന്നെ പഴുതില്ലാത്ത വിധമാവണം സ്ഥാനാര്ത്ഥിയെന്ന് സിപിഐ നേതൃത്വത്തിനറിയാം. അത് കൊണ്ട് തന്നെയാണ് വി എസ് സുനില് കുമാര് എന്ന മുന് മന്ത്രിയെ എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി സിപിഐ പരിഗണിക്കുന്നത്. സുരേഷ് ഗോപി സ്ഥാനാര്ത്ഥിയായെത്തിയപ്പോഴും രണ്ടാം സ്ഥാനം കൈവിട്ടിരുന്നില്ല സിപിഐ. അത്തരമൊരിടത്തേക്ക് വി എസ് സുനില്കുമാര് എന്ന സ്ഥാനാര്ത്ഥി കൂടി വരുന്നതോടെ വിജയം നേടാന് കഴിയും എന്ന ആത്മവിശ്വാസം എല്ഡിഎഫ് പ്രവര്ത്തകരാകെ പുലര്ത്തുന്നുണ്ട്. കഴിഞ്ഞ തവണ 321,456 വോട്ടാണ് സിപിഐ നേടിയത്.

സുരേഷ് ഗോപി- എന്ഡിഎ

ഒരു വര്ഷത്തിന് മുന്നേ കേരളത്തില് ബിജെപി നേതൃത്വം ആദ്യം തീരുമാനിച്ച സ്ഥാനാര്ത്ഥിത്വമാണ് തൃശ്ശൂരില് സുരേഷ് ഗോപിയുടേത്. വലിയ പ്രതീക്ഷയാണ് സുരേഷ് ഗോപിയില് ബിജെപി വച്ചുപുലര്ത്തുന്നത്. 2019ല് സുരേഷ് ഗോപി തൃശ്ശൂര് മണ്ഡലത്തില് മത്സരത്തിനിറങ്ങിയപ്പോള് നേടിയത് 293,822 വോട്ടുകളാണ്. 2014ല് ബിജെപി സ്ഥാനാര്ത്ഥിയായ കെ പി ശ്രീശന് നേടിയതിനേക്കാള് ഏതാണ്ട് രണ്ട് ലക്ഷത്തോളം വോട്ടാണ് സുരേഷ് ഗോപി അധികം നേടിയത്. അത് കൊണ്ട് തന്നെ ഒന്നാഞ്ഞുപിടിച്ചാല് തൃശ്ശൂരില് വിജയിച്ചു കയറാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇത്രയധികം വോട്ട് അധികം നേടിയിട്ടും മൂന്നാം സ്ഥാനത്തായത് ബിജെപിക്ക് നിരാശ പകര്ന്ന ഒന്നാണ്. അത് കൊണ്ട് തന്നെ സുരേഷ് ഗോപിയെ അല്ലാതെ മറ്റൊരു പേരും ബിജെപി നേതൃത്വം പരിഗണിക്കുന്നില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us