തിരുവനന്തപുരം: സംസ്ഥാന ബജറ്റില് സിപിഐ മന്ത്രിമാരുടെ വകുപ്പുകള്ക്ക് ബജറ്റ് വിഹിതത്തിൽ വന് കുറവ്. വിവിധ പദ്ധതികളിലായി മൃഗസംരക്ഷണ വകുപ്പിന് കോടികളുടെ ബജറ്റ് വിഹിതമാണ് കുറഞ്ഞത്. കന്നുകുട്ടി പരിപാലന പദ്ധതിയില് മാത്രം 10 കോടി രൂപയുടെ കുറവുണ്ട്. ഭക്ഷ്യവകുപ്പിന് നഷ്ടം സംഭവിച്ചത് സപ്ലൈകോയിലാണ്. റേഷന് വ്യാപാരി ക്ഷേമനിധിയോടും ബജറ്റ് മുഖം തിരിച്ചു.
മൃഗസംരക്ഷണ വകുപ്പിന് കീഴിലെ 'ഗോവര്ദ്ധിനി' പദ്ധതിക്ക് കഴിഞ്ഞ വര്ഷം 52 കോടി രൂപ നല്കിയെങ്കില് ഇക്കൊല്ലം അത് 42.00 കോടി രൂപയായി കുറഞ്ഞു. വീട്ടുപടിക്കല് മൃഗചികിത്സ എത്തിക്കുന്ന പദ്ധതിയില് കുറഞ്ഞത് 2.99 കോടി രൂപയാണ്. ഇത് കൂടാതെ വകുപ്പിന്റെ ബജറ്റ് വിഹിതത്തില് 34.32 കോടിയും കുറഞ്ഞു.
ഭക്ഷ്യവകുപ്പിന്റെ നഷ്ടം സപ്ളൈകോയിലാണ്. ഭക്ഷ്യവകുപ്പിന് ബജറ്റ് വിഹിതം കുറഞ്ഞിട്ടില്ലെങ്കിലും വകുപ്പിന് കീഴിലുളള സപ്ലൈകോയെ ബജറ്റ് പരിഗണിച്ചിട്ടില്ല. സപ്ലൈകോയ്ക്ക് 500 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. 300 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഒരു രൂപ പോലും കിട്ടിയില്ല.
റേഷന് വ്യാപാരി ക്ഷേമനിധി ശാക്തീകരിക്കാനുളള പദ്ധതിയും ബജറ്റില് അനുവദിച്ചിട്ടില്ല. വെളള കാര്ഡ് ഉടമകളില് നിന്ന് ഒരു രൂപ ഈടാക്കി കൊണ്ടുള്ള പദ്ധതിയാണ് നിരാകരിച്ചത്. സാമ്പത്തിക ബാധ്യതയില്ലാത്ത പദ്ധതികള് പോലും വെട്ടിയെന്ന് ഭക്ഷ്യവകുപ്പ് ആരോപിക്കുന്നു.
കൃഷി വകുപ്പിന് കുറഞ്ഞത് 26 കോടിയാണ്. ലോകബാങ്ക് പദ്ധതിക്കുളള സംസ്ഥാന വിഹിതം കൂടി കുറച്ചാല് 126 കോടി കുറഞ്ഞു. പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള തുകയിലാണ് കുറവ് വന്നത്. പുതിയ പദ്ധതികള് അനുവദിക്കാത്തതിലും അതൃപ്തിയുണ്ട്.
അതേസമയം റവന്യൂ വകുപ്പിന് ബജറ്റ് വിഹിതത്തില് കുറവില്ല. വിഹിതത്തില് കഴിഞ്ഞ വര്ഷത്തേക്കാള് ഒരു കോടി രൂപ കൂടുതലാണ് അനുവദിച്ചിരിക്കുന്നത്. 2023-24ല് 80 കോടി രൂപ ആയിരുന്നത് 2024-25ല് 81 കോടി രൂപയായി. റവന്യൂ വകുപ്പിന് പരാതി ആവശ്യപ്പെട്ട പദ്ധതികള് ലഭിക്കാത്തതിലാണ്.
'വിദേശ സര്വകലാശാലകളുമായി സംസ്ഥാന സര്ക്കാരിന് യാതൊരു ബന്ധവുമില്ല'; ഇ പി ജയരാജന്സര്വേ മ്യൂസിയം തുടങ്ങാന് പണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല. മ്യൂസിയത്തിന് അഞ്ച് കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഭൂമിയുടെ ന്യായവില പുനക്രമീകരിക്കാന് സ്റ്റാഫിനെ നിയോഗിക്കണമെന്ന ആവശ്യവും അവഗണിച്ചു. സ്റ്റാഫിനെ നിയോഗിക്കാന് 10 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. റവന്യൂ വകുപ്പിന്റെ സേവനങ്ങളെ പറ്റി ജനങ്ങളെ പഠിപ്പിക്കാന് ഇ-സാക്ഷരത പദ്ധതി വേണമെന്ന ആവശ്യവും തളളി. ഇ-സാക്ഷരത പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.