കൊച്ചി: സംസ്ഥാനമാകെ അലയടിച്ച യുഡിഎഫ് തരംഗത്തില് കൈവിട്ടു പോയ ഒരേയൊരു സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായി കോൺഗ്രസ്. ഒരു തരത്തിലും കൈമോശം വരരുതെന്ന് ഉറപ്പിച്ച് സിപിഐഎമ്മും കച്ചകെട്ടുന്ന താരമണ്ഡലമാണ് ആലപ്പുഴ. കണക്കുകൂട്ടലും നിഗമനങ്ങളുമെല്ലാം പിഴച്ച ചരിത്രമാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റേത്. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണയം മുതൽ കേരളമാകെ ഉറ്റുനോക്കുന്ന ഒരിടം കൂടിയാകുന്നു ആലപ്പുഴ. അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നിങ്ങനെ ഒമ്പത് നിയമസഭാ മണ്ഡലങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ എക്കാലവും ഇടത്തോട്ട് ചായുന്ന ആലപ്പുഴയിൽ നിലവിൽ ആകെ ഹരിപ്പാട് മാത്രമാണ് കോൺഗ്രസ് എംഎൽഎ ഉള്ളത്. പക്ഷേ നിയമസഭയിലേക്ക് എപ്പോഴും ചുവന്നു കിടക്കുമ്പോഴും, പാർലമെന്റ് തിരഞ്ഞെടുപ്പാകുമ്പോൾ ആലപ്പുഴ ഇടതിനും വലതിനുമൊപ്പം മാറി മാറി നിന്നതാണ് ചരിത്രം.
വിധിയെഴുത്തിലെ ചരിത്രം
ഫോട്ടോഫിനീഷിങ്ങിലാണ് കഴിഞ്ഞ തവണ കോൺഗ്രസിന്റെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി എ എം ആരിഫ് ലോക്സഭയിലേക്ക് ഇടതുമുന്നണിയുടെ അഭിമാനം കാത്തത്. 10,474 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയിച്ചാണ് ആരിഫ് പാർലമെന്റിലെ ‘കനല്തരി’യായത്. അന്നുപക്ഷേ എല്ലാവരെയും ഞെട്ടിച്ചൊരു വോട്ടുകണക്ക് കൂടി ഉണ്ടായിരുന്നു. ബിജെപി ടിക്കറ്റില് മല്സരിച്ച കെ.എസ്.രാധാകൃഷ്ണന് നേടിയ വോട്ട് 1,87,729 ആയിരുന്നു. 2014ല് എന്ഡിഎ സ്ഥാനാര്ത്ഥിയുടെ വോട്ട് 43,051 ആയിരുന്നെന്ന് ഓര്ക്കണം. ഇടതും വലതും സ്ഥാനാര്ത്ഥികള് ന്യൂനപക്ഷ സമുദായാംഗങ്ങള് ആയതുകൊണ്ടായിരുന്നു 2019ലെ എന്ഡിഎ കുതിപ്പെന്ന് വിലയിരുത്തിയെങ്കിലും, ആ വോട്ട് അമ്പരപ്പിക്കുന്നത് തന്നെയായിരുന്നു. ആരിഫിന് മുമ്പ് രണ്ട് തവണയും കെ.സി.വേണുഗോപാലായിരുന്നു ആലപ്പുഴയുടെ എംപി.
പാലക്കാട് ആത്മവിശ്വാസത്തോടെ യുഡിഎഫ്, തിരിച്ചുപിടിക്കാന് എല്ഡിഎഫ്, വിധി ആർക്കൊപ്പം?സാധ്യതകൾ ഇങ്ങനെ:
മറ്റെല്ലാ മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ തന്നെ പരിഗണിക്കുന്ന കോൺഗ്രസിന് ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാകുമെന്നുറപ്പ്. തിരഞ്ഞെടുപ്പടുക്കുന്നതിന് വളരെ മുമ്പ് തന്നെ പല സമയങ്ങളിലായി പല പേരുകൾ ഉയർന്നു വന്നുവെന്നതും ശ്രദ്ധേയം. കെ സി വേണുഗോപാൽ തന്നെ ആലപ്പുഴയിൽ പോരിനിറങ്ങിയേക്കുമെന്ന സൂചന ഉണ്ടെങ്കിലും മറ്റുപല പേരുകളും ഉയര്ന്നുകേള്ക്കുന്നുണ്ട്. രണ്ട് തവണയും കെസിയെ കൈവിടാതിരുന്ന ആലപ്പുഴ ഇക്കുറിയും അത് ആവർത്തിക്കുമെന്ന പ്രതീക്ഷ, കെ സി വേണുഗോപാലിന്റെ താര പ്രതിച്ഛായ, ദേശീയ മുഖം ഇതെല്ലാം വിജയമുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആ കാത്തിരിപ്പ്. ജാതി സമവാക്യങ്ങൾ ഏറെ നിര്ണ്ണായകമാണ് ആലപ്പുഴയിലെ തിരഞ്ഞെടുപ്പുകളിൽ. മുസ്ലിം, ഈഴവ വോട്ടുകളാണ് പലപ്പോഴും വിധി നിർണയിക്കുക. അതുകൊണ്ട് തന്നെ എ എ ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, എം എം ഹസ്സൻ എന്നിവരും പരിഗണനയിലുണ്ട്. കഴിഞ്ഞ തവണത്തെ കോണ്ഗ്രസ് പട്ടികയിലെ ഏക മുസ്ലിം പ്രാതിനിധ്യവും ആലപ്പുഴയിലായിരുന്നു എന്നോര്ക്കുക. ഈ സാഹചര്യം കൂടി പരിഗണിച്ച്, മുമ്പ് ഏറ്റ പരാജയത്തിന് തിരിച്ചടിക്കാൻ ഷാനിമോൾ ഉസ്മാന് ഒരവസരം കൂടി നൽകാൻ ചിലപ്പോൾ കോൺഗ്രസ് തയ്യാറായേക്കും. മുസ്ലിം പ്രാതിനിധ്യം എന്ന പരിഗണന വന്നാല് ഷാനിമോള്ക്കൊപ്പം എം എം ഹസ്സനും എ എ ഷുക്കൂറിനും സാധ്യതയേറുന്നു. പലപ്പോഴായി പറഞ്ഞ് കേൾക്കുന്ന മറ്റൊരു പേരാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റേത്. രാഹുലിന്റെ ജനകീയ മുഖവും പുതിയ വോട്ടര്മാരുടെ വോട്ടുറപ്പിക്കുക എന്ന ലക്ഷ്യവുമാണ് സാധ്യതാ പട്ടികയിലേക്ക് ആ പേരെത്താൻ കാരണം.
എ എം ആരിഫ് തന്നെയാകും ആലപ്പുഴയിൽ നിന്ന് സിപിഐഎമ്മിനായി മത്സരിക്കുക എന്ന് ഏറെക്കുറേ ഇടതുപക്ഷം ഉറപ്പിക്കുന്നുണ്ടെങ്കിലും മറ്റ് ചില പേരുകൾ കൂടി ഉയർന്നു വരുന്നുണ്ട്. സ്വന്തം മണ്ഡലമായ അരൂരിലടക്കം ഏഴിടങ്ങളിൽ പിന്നിലായിരുന്ന ആരിഫിനെ അന്ന് ആകെ തുണച്ചത് ചേർത്തലയും കായംകുളവും മാത്രമായിരുന്നു. ആരിഫിന്റെ കപ്പിനും ചുണ്ടിനുമിടയിലുള്ള വിജയം ആവർത്തിക്കാനാകുമോ എന്ന സംശയവും പല കോണിൽ നിന്ന് ഉയരുന്നുണ്ട്. മുൻ മന്ത്രി ടി എം തോമസ് ഐസക്കിന്റെ പേരാണ് മറ്റൊന്ന്. തോമസ് ഐസക്കിന്റെ ജനകീയത, സംസ്ഥാന തലത്തിലുള്ള സ്വാധീനം, മുൻ മന്ത്രി, സാമ്പത്തിക കാര്യ വിദഗ്ധൻ, ആലപ്പുഴയുമായുള്ള പരിചയം എന്നീ ഘടകങ്ങളാണ് അനുകൂലമായി പറയുന്നത്. തോമസ് ഐസക്ക് സ്ഥാനാർത്ഥിയാകുെമെന്ന വാർത്ത തള്ളി എ എം ആരിഫ് രംഗത്തെത്തിയിരുന്നു. സ്ത്രീ പ്രാതിനിധ്യം കണക്കാക്കി സി എസ് സുജാതയെ മത്സരിപ്പിക്കുമെന്ന അഭ്യൂഹവും അന്തരീക്ഷത്തിലുണ്ട്. സി.ബി ചന്ദ്രബാബു, ആർ നാസർ തുടങ്ങിയവരുടെ പേരുകളും സാധ്യതാ പട്ടികയിൽ ഉയർന്നു വന്നിട്ടുണ്ട്.
ഈഴവ വോട്ടുകൾക്ക് പ്രാമുഖ്യമുള്ള മണ്ഡലമാണ് ആലപ്പുഴ. കാര്യമായ വേരോട്ടം ഒന്നുമില്ലെങ്കിലും അത് ലക്ഷ്യമിട്ടാകും ബിജെപി സ്ഥാനാർത്ഥികളെ ഇറക്കുക. മുതിർന്ന നേതാവ് ഡോ കെ എസ് രാധാകൃഷ്ണന്റെ പേരാണ് ആദ്യം ഉയരുന്നത്. മുഖ്യകാരണം അദ്ദേഹത്തിന് കഴിഞ്ഞ വര്ഷം ലഭിച്ച വോട്ടുതന്നെ. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥി എം വി ഗോപകുമാറാണ് പരിഗണനാ പട്ടികയിലെ മറ്റൊരു പേര്. എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രൺജിത്ത് ശ്രീനിവാസന്റെ ഭാര്യ അഡ്വക്കേറ്റ് ലിഷയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് ചർച്ചകളും പ്രചാരണവും മറ്റൊരു വഴിക്ക് നീങ്ങുമെന്നതിലും സംശയമില്ല.