പി സി ചാക്കോയെന്ന പാര്ലമെന്ററി രംഗത്തെ അതികായനെ ഇന്നസെന്റെന്ന സിനിമാ നടനെ രംഗത്തിറക്കി എല്ഡിഎഫ് പിടിച്ചെടുത്ത മണ്ഡലം കൂടിയാണ് ചാലക്കുടി. പൊതുവേ യുഡിഎഫ് ചായ്വ് കാണിക്കുന്ന മണ്ഡലം ഇടക്കിടക്ക് എല്ഡിഎഫിന് കൈകൊടുക്കാറുണ്ട്. അതില് അവസാനത്തേതായിരുന്നു ഇന്നസെന്റിന്റെ വിജയം. യുഡിഎഫ് സ്ഥാനാര്ത്ഥിയായ പി സി ചാക്കോയെ 13,884 വോട്ടുകള്ക്കാണ് ഇന്നസെന്റ് പരാജയപ്പെടുത്തിയത്. അതേ ഇന്നസെന്റിനെ 1,32,274 വോട്ടുകള്ക്ക് പരാജയപ്പെടുത്തി ബെന്നി ബെഹനാന് യുഡിഎഫിന് വേണ്ടി മണ്ഡലം തിരിച്ചു പിടിച്ചു.
മണ്ഡലം നിലനിര്ത്താന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സിറ്റിംഗ് എംപി ബെന്നി ബെഹനാനെ തന്നെ സ്ഥാനാര്ത്ഥിയാക്കാനാണ് യുഡിഎഫ് ആലോചന. മറ്റൊരു പേര് ആലോചിക്കുന്നതേയില്ല യുഡിഎഫ്.
മുന് ചാലക്കുടി എംഎല്എ ബി ഡി ദേവസിയെയും മുന് മന്ത്രി സി രവീന്ദ്രനാഥിന്റെ പേരുമാണ് എല്ഡിഎഫ് നേതൃത്വം സ്ഥാനാര്ത്ഥികളായി പരിഗണിക്കുന്നത്. നടി മഞ്ജു വാര്യരെ അപ്രതീക്ഷിതമായി ഞെട്ടിക്കാന് കഴിയുമോ എന്ന ഒരു സാധ്യതയും ഇടതുനേതൃത്വം പരിശോധിക്കുന്നുണ്ട്.
അനില് ആന്റണിയെ ചാലക്കുടിയിലേക്ക് നിയോഗിച്ചാലോ എന്ന് ബിജെപി നേതൃത്വം കാര്യമായി തന്നെ ആലോചിക്കുന്നുണ്ട്. മുതിര്ന്ന നേതാവ് എഎന് രാധാകൃഷ്ണന്റെ പേരും പരിഗണിക്കുന്നുണ്ട്.