ഇടതുമണ്ഡലം എന്ന പേരില് അറിയപ്പെട്ടിരുന്ന മണ്ഡലമായിരുന്നു ആറ്റിങ്ങല് ലോക്സഭ മണ്ഡലം. 2019ല് മണ്ഡലം പിടിച്ചെടുക്കാന് 'തിരഞ്ഞെടുപ്പ് വിദഗ്ധന്' ആയ അടൂര് പ്രകാശിനെയാണ് കോണ്ഗ്രസ് നിയോഗിച്ചത്. മണ്ഡലത്തില് എത്തിയ അടൂര് പ്രകാശ് ആദ്യം ചെയ്തത് രണ്ടിടങ്ങളില് വോട്ടുള്ള വോട്ടര്മാരെ ഒറ്റയിടത്തേക്ക് മാറ്റുക എന്നതായിരുന്നു. അതിന് ശേഷം തനതായ തിരഞ്ഞെടുപ്പ് ഇടപെടല് കൂടി അടൂര് പ്രകാശ് നടത്തി. ഈ പ്രവര്ത്തനങ്ങളും രാഹുല് ഗാന്ധി, ശബരിമല ഇഫക്ടുകള് കൂടി ആയതോടെ അടൂര് പ്രകാശ് സിറ്റിങ് എംപി എ സമ്പത്തിനെ പരാജയപ്പെടുത്തി വിജയിച്ചു കയറി. 38, 247 വോട്ടിനാണ് അടൂര് പ്രകാശ് വിജയിച്ചത്.
വീണ്ടും ഒരു ലോക്സഭ തിരഞ്ഞെടുപ്പ് വരുമ്പോള് അടൂര് പ്രകാശ് എന്ന പേരല്ലാതെ മറ്റൊരു പേര് യുഡിഎഫ് പരിഗണിക്കുന്നേയില്ല. അടൂര് പ്രകാശ് പ്രവര്ത്തനങ്ങള് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
എംഎല്എമാരെ മത്സര രംഗത്തേക്കിറക്കി വിജയിക്കാന് കഴിയുമോ എന്നാണ് എല്ഡിഎഫ് ആലോചിക്കുന്നത്. കടകംപള്ളി സുരേന്ദ്രന്, വി ജോയ് എന്നീ എംഎല്എമാരെയാണ് ആറ്റിങ്ങലിലേക്ക് സിപിഐഎം പരിഗണിക്കുന്നത്. ഇവരുടെ പരിചയ സമ്പന്നതയും മണ്ഡലത്തിന്റെ ഇടതുപക്ഷ പാരമ്പര്യവും ഇത്തവണ തങ്ങളെ സഹായിക്കുമെന്ന് എല്ഡിഎഫ് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ വന്മുന്നേറ്റമാണ് ബിജെപി നടത്തിയത്. 2014ല് നേടിയ 90,528 വോട്ടില് നിന്ന് 2,48,081 വോട്ടിലേക്ക് ഉയര്ത്താന് സ്ഥാനാര്ത്ഥിയായ ശോഭാ സുരേന്ദ്രന് സാധിച്ചു. അതിന്റെ തുടര്ച്ചയാണ് ബിജെപി ഇത്തവണ പ്രതീക്ഷിക്കുന്നത്. വോട്ട് വര്ദ്ധനയല്ല വിജയം തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. കേന്ദ്ര മന്ത്രി വി മുരളീധരന് ഇവിടെ സ്ഥാനാര്ത്ഥിയാവും. മറ്റാരെയും ബിജെപി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നേയില്ല.