ഭാരത് അരി വിതരണം ഫെഡറല് തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണം: മന്ത്രി ജി ആര് അനില്

കേന്ദ്രത്തിന്റേത് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ്. നിയമപ്രകാരം ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യേണ്ടത് റേഷൻ സ്റ്റോറുകൾ വഴിയാണ്. അരി വാങ്ങാൻ സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നും ജി ആർ അനിൽ ആവശ്യപ്പെട്ടു.

dot image

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഏജന്സികള് മുഖേന വിലക്കുറവില് ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ളതും ഫെഡറല് തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണവുമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില്. കേന്ദ്രത്തിന്റേത് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ്. നിയമപ്രകാരം ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യേണ്ടത് റേഷൻ സ്റ്റോറുകൾ വഴിയാണ്. അരി വാങ്ങാൻ സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നും ജി ആർ അനിൽ ആവശ്യപ്പെട്ടു.

കേരളത്തിലെ 57% വരുന്ന ജനങ്ങളെ റേഷന് സംവിധാനത്തിന് പുറത്താക്കുകയും ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തത് കേന്ദ്രസർക്കാരുകളാണ്. സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ള പരിമിതമായ ടൈഡ് ഓവർ വിഹിതം പ്രയോജനപ്പെടുത്തിയാണ് മുന്ഗണനാവിഭാഗക്കാരായ നീല, വെള്ള കാർഡുകാർക്ക് സംസ്ഥാന സർക്കാർ റേഷന് ഉറപ്പാക്കുന്നത്. എഫ്സിഐ യില് അധികമുള്ള ഭക്ഷ്യധാന്യസ്റ്റോക്ക്, ഓപ്പണ്മാർക്കറ്റ് സെയില്സ് സ്കീം പ്രകാരം ന്യായവിലയ്ക്ക് വില്ക്കുന്ന സംവിധാനത്തില് സ്വകാര്യ വ്യാപാരികള്ക്ക് പോലും ലേലത്തില് പങ്കെടുക്കാമെന്നിരിക്കെ സംസ്ഥാന സർക്കാരിനെയും സംസ്ഥാനസർക്കാരിന്റെ ഏജന്സികളെയും ബോധപൂർവ്വം കേന്ദ്രം വിലക്കിയിരിക്കുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില് ഈ കേന്ദ്രനയങ്ങള് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകാനിടയുണ്ട്. ഈ സാഹചര്യത്തില് ബോധപൂർവ്വം വിലക്കയറ്റം സൃഷ്ടിക്കുകയും ആ സ്ഥിതി രാഷ്ട്രീയമായി മുതലെടുപ്പിന് ഉപയോഗിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് ന്യായമായും സംശയിക്കാം.

രാജ്യത്ത് ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനാണ് എന്എഫ്എസ്എ നിയമം നടപ്പിലാക്കിയത്. ഈ നിയമപ്രകാരം സംസ്ഥാനസർക്കാരിന്റെ നിയന്ത്രണത്തില് പ്രവർത്തിക്കുന്ന റേഷന്ഷാപ്പുകളിലൂടെയാണ് ഭക്ഷ്യധാന്യവിതരണം നടത്തേണ്ടത്. രാജ്യത്തിന്റെ ഭരണഘടന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചുമതലകള് വേർതിരിച്ച് നിശ്ചയിച്ചുകൊണ്ട് സഹകരിച്ച് പ്രവർത്തിക്കാനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പരസ്പരം അതിക്രമിച്ചുകയറാനല്ല. ഗ്രാമഗ്രാമാന്തരങ്ങളില് സുശക്തമായ പൊതുവിതരണ സംവിധാനമുള്ള കേരളത്തില് റേഷന്കാർഡു പോലും ബാധകമാക്കാതെ അരി വിതരണം ചെയ്യാന് കേന്ദ്ര ഏജന്സികള് വണ്ടിയുമായി വരുന്നത് എന്തിനാണ്? നീല, വെള്ള കാർഡുകള്ക്ക് റേഷന് നല്കാന് കഴിയും വിധം ടൈഡ് ഓവർ വിഹിതം വർദ്ധിപ്പിക്കുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? നിലവില് ചെയ്തുവരുന്നതു പോലെ സപ്ലൈകോ വഴി 25 രൂപ നിരക്കില് നല്കാനുള്ള സാധ്യത ഇല്ലാതാക്കി ഒ.എം.എസ്.എസ് ല് വിലക്ക് ഏർപ്പെടുത്തി അതുതന്നെ 29 രൂപയ്ക്ക് വില്ക്കുന്ന നടപടി ജനങ്ങളെ കബളിപ്പിക്കലാണ്. കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതം വർദ്ധിപ്പിക്കാനും ഓപ്പണ്മാർക്കറ്റ് സെയില്സ്കീമില് പങ്കെടുക്കാനുള്ള സംസ്ഥാനസർക്കാരിന്റെയും അതിന്റെ ഏജന്സികളുടെയും വിലക്ക് അടിയന്തരമായി പിന്വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us