കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പഠനം നാല് വർഷമാക്കാനുള്ള തീരുമാനം വേണ്ടത്ര പഠനമോ ചർച്ചകളോ ഇല്ലാതെയാണെന്ന് ആരോപണം. വിഷയം അധ്യാപക, വിദ്യാർത്ഥി പ്രതിനിധികളോട് കൂടിയാലോചിച്ച് ചെയ്തതല്ലെന്നും ആക്ഷേപമുണ്ട്. ഡിഗ്രി പഠനം നാല് വർഷമാക്കാനുള്ള തീരുമാനം സെനറ്റിൽ ചർച്ച ചെയ്തില്ലെന്നും പരാതിയുണ്ട്. ഇടതുപക്ഷ പ്രതിനിധികൾ മാത്രമുള്ള അക്കാദമിക് കൗൺസിലിലാണ് തീരുമാനമെടുത്തതെന്നും ആരോപണമുണ്ട്.
ഡിഗ്രി പഠനം നാല് വർഷമാക്കുന്നതോടെ ഭാഷാ പഠനത്തിൻ്റെ പ്രാധാന്യം കുറയുമെന്ന ആശങ്കയും ഉയർന്നുവരുന്നുണ്ട്. ഇത് അധ്യാപകരെയും വിദ്യാർത്ഥികളെയും ബാധിക്കും. നിവലിലെ സ്ട്രീമിലുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. മുന്നൊരുക്കമില്ലാതെയാണ് നാലു വർഷ ഡിഗ്രി നടപ്പാക്കുന്നതെന്നും ആക്ഷേപമുണ്ട്. തിരക്കിട്ട് സിലബസ് ഉണ്ടാക്കിയെന്നും കരിക്കുലം പോലും തയ്യാറാക്കിയില്ലെന്നും പരാതികളുണ്ട്.
സർവ്വകലാശാലയിൽ നാല് വർഷ ബിരുദ നിയമാവലിക്ക് കഴിഞ്ഞ ദിവസം അംഗീകാരമാരുന്നു. ഇതോടെ നാല് വർഷ ബിരുദം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയായി കാലിക്കറ്റ് മാറിയിരുന്നു. സർവ്വകലാശാലക്ക് കീഴിലെ കോളേജുകളിൽ അടുത്ത അധ്യയന വർഷം മുതൽ നാല് വർഷ ബിരുദം നടപ്പിലാക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ചേര്ന്ന പ്രത്യേക യോഗത്തില് സിന്ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോര്-ഇയര് അണ്ടര് ഗ്രാജ്വേറ്റ് പ്രോഗ്രാംസ് (സി.യു.എഫ്.വൈ.യു.ജി.പി.) റഗുലേഷന്സ് 2024 അവതരിപ്പിച്ചത്. ചെറിയ തിരുത്തലുകളോടെ നിയമാവലിക്ക് യോഗം അംഗീകാരം നല്കുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും തൊഴില് ലഭ്യതയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാകും സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ച് സര്വകലാശാലകള് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയെന്നായിരുന്നു യോഗം അഭിപ്രായപ്പെട്ടത്. അടുത്ത വര്ഷം മുതല് കാലിക്കറ്റിന് കീഴിലെ അഫിലിയേറ്റഡ് കോളേജുകള്, വിദൂരവിഭാഗം ബിരുദ വിദ്യാര്ഥികള്ക്കെല്ലാം പുതിയ നിയമാവലി ബാധകമാകും. ബിരുദപാഠ്യപദ്ധതി രൂപവത്കരണത്തിനായി അധ്യാപകര്ക്ക് പരിശീലന ക്ലാസുകളും ശില്പശാലകളുമെല്ലാം നേരത്തേ തന്നെ കാലിക്കറ്റില് നടത്തിയിരുന്നു. ഗവേഷണ നിയമാവലി 2023-ലെ ഭേദഗതികള്ക്കും യോഗം അംഗീകാരം നല്കി. സ്വാശ്രയ കോളേജുകള്ക്കും പഠനവകുപ്പുകള്ക്കും കൂടി ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഇതില് പ്രധാനം.