ഇടുക്കിയുടെ മിടുക്കനാകാന് അതേ പോരാട്ടം? സാധ്യതകള് ഇങ്ങനെ

2024ലും ഡീൻ കുര്യാക്കോസ് - ജോയ്സ് ജോർജ് സീസൺ തന്നെയാകാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ

dot image

ആകെയുള്ള ഇരുപതില് പോരാട്ടചിത്രം ഏറെക്കുറെ തെളിഞ്ഞ് നിൽക്കുന്ന ഒരിടമാണ് ഇടുക്കി പാർലമെന്റ് മണ്ഡലം. ഇടത്തോട്ടും വലത്തോട്ടും മാറി മാറി ചായുന്ന ഇടുക്കിയിൽ പക്ഷേ ആര് സ്ഥാനാർത്ഥിയാകണമെന്ന് മുന്നണികൾക്ക് ഏറെക്കുറെ നിശ്ചയമുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത്തേക്ക് ചായുന്ന ഇടുക്കി, പാർലമെന്റ് തിരഞ്ഞെടുപ്പിൽ പക്ഷേ ഇരുപുറവും ചാടുമെന്നാണ് ചരിത്രം പറയുന്നത്.

ഇടുക്കിയുടെ വോട്ട് ചരിത്രം

1977-ൽ ജില്ല രൂപീകൃതമായപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിച്ചു. 1980ൽ ഇടതുപക്ഷത്തിനൊപ്പം നിന്നു. 84-ലും 89-ലും 91-ലും 96-ലും 98-ലും കോൺഗ്രസ് വിജയം തുടർന്നു. പക്ഷേ 1999-ൽ യുഡിഎഫിനെ പരാജയപ്പെടുത്തി ഇടതുമുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. ഫ്രാൻസിസ് ജോർജ് അന്ന് അങ്ങനെ താരമായി. 2004-ലും ഇടത് മുന്നണിക്കൊപ്പം നിന്ന ഇടുക്കി 2009ൽ കോൺഗ്രസിനെ തന്നെ തുണച്ചു.

2014-ലാണ് ജോയ്സ് ജോർജ് ഡീൻ കുര്യാക്കോസ് പോരാട്ടത്തിന്റെ തുടക്കം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയ ജോയ്സ് ജോർജ് അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീൻ കുര്യാക്കോസിനെ പരാജയപ്പെടുത്തി. കസ്തൂരിരംഗൻ ജോയ്സിനെ തുണച്ചു എന്ന് പറയാം. 2020-ൽ കൃത്യമായ തിരിച്ചടി. അതേ ജോയ്സിനെ പരാജയപ്പെടുത്തി ഡീൻ പാർലമെന്റ് പടവ് കയറി. ഡീൻ കുര്യാക്കോസിലൂടെ ഇടുക്കി ലോക്സഭാ സീറ്റ് തിരിച്ചു പിടിക്കാൻ കഴിഞ്ഞത് കോൺഗ്രസിനും യുഡിഎഫിനും അന്ന് തിളക്കമാർന്ന നേട്ടമായി. 1,71,053 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡീന് വിജയിച്ചത്.

ഇഞ്ചോടിഞ്ചിന് പത്തനംതിട്ട; ത്രികോണ പോരാട്ടത്തിൽ ആരൊക്കെ? സർപ്രൈസ് എൻട്രിക്ക് കോൺഗ്രസ് ഒരുങ്ങുന്നോ?

ഇക്കുറി സാധ്യതകൾ ഇങ്ങനെ

2024-ലും ഡീൻ കുര്യാക്കോസ് - ജോയ്സ് ജോർജ് സീസൺ തന്നെയാകാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ. സാധ്യതാപട്ടികയിൽ ഇരു മുന്നണിയിൽ നിന്നും രണ്ടാമതൊരു പേര് ഉയർന്നിട്ടില്ല. കഴിഞ്ഞ തവണ നേടിയ റെക്കോർഡ് വിജയം ഡീൻ ആവർത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വലത് പാളയം. എന്നാൽ ജോയ്സ് ജോർജ് തന്നെയാണ് ഇടതുപക്ഷത്തെ ജനകീയ മുഖം എന്ന് എൽഡിഎഫും ഉറപ്പിക്കുന്നു.

കേരള കോൺഗ്രസ് സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഇത് നിരസിച്ചാണ് വീണ്ടും ജോയ്സിനെ ഇറക്കുക എന്നാണ് വിലയിരുത്തൽ. എൻഡിഎ സ്ഥാനർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇടുക്കിയിലെ പോരാട്ടം കൂടുതൽ ശക്തമാകും. എൻ ഹരി, ശ്രീനഗരി രാജൻ എന്നിവരുടെ പേരും എൻഡിഎ സാധ്യതാ പട്ടികയിലുണ്ട്. വണ്ടിപ്പെരിയാർ കേസും അരിക്കൊമ്പനുമടക്കം ചർച്ചകളിൽ നിറയുന്ന തിരഞ്ഞെടുപ്പിൽ ഇടുക്കി ആർക്കൊപ്പം നിൽക്കുമെന്ന് ഉറ്റുനോക്കുന്നുണ്ട് കേരളം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us