സ്വകാര്യ,വിദേശ സർവകലാശാല നിലപാട്: 'ഇടതുപക്ഷം ഇടത്തോട്ട് നോക്കി വലത്തോട്ട് പോകുന്നു'; ഡോ. ജെ പ്രഭാഷ്

കേരള സർവകലാശാല മുൻ പി വി. സി യും ഓപ്പൺ സർവകലാശാല മുൻ സ്പെഷ്യൽ ഓഫീസറുമാണ് ഡോ. ജെ പ്രഭാഷ്

dot image

തിരുവനന്തപുരം: സ്വകാര്യ,വിദേശ സർവകലാശാലകൾ അനുവദിക്കാനുള്ള ബജറ്റ് നിർദ്ദേശത്തിൽ സിപിഐഎമ്മിനെതിരെ കടുത്ത വിമർശനവുമായി ഡോ. ജെ പ്രഭാഷ്. ഇടതുപക്ഷം ഇടത്തോട്ട് നോക്കി വലത്തോട്ട് പോകുന്നുവെന്ന കടുത്ത വിമർശനമാണ് പ്രഭാഷ് മുന്നോട്ട് വച്ചിരിക്കുന്നത്. കേരളത്തിലെ സിപിഐഎം പ്രത്യയശാസ്ത്ര പുനരവലോകനം നടത്തണം. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും പൊതുനയങ്ങളിൽ മാറ്റമില്ലാതാകുന്നു. വർഗീയതയെ എതിർക്കുന്നതിലെ നിലപാട് ഒഴിച്ച് നിർത്തിയാൽ സാമ്പത്തിക നയം ഒരുപോലെയാണെന്നും പ്രഭാഷ് കുറ്റപ്പെടുത്തി.

വിദേശ-സ്വകാര്യ സർവ്വകലാശാലകളെ കഴിഞ്ഞ വർഷം വരെ എതിർത്തു. പെട്ടെന്ന് വെളിപാട് പോലെ അനുമതി നൽകി. പഴയ എതിർപ്പിന് ആർജവുമുണ്ടായോയെന്ന് സംശയം. സ്വകാര്യ-വിദേശ സർവകലാശാലകൾ അനുവദിക്കാനുള്ള തീരുമാനം രോഗത്തിന് പകരം ലക്ഷണത്തെ ചികിത്സിക്കുന്നതിന് തുല്യം. അടിസ്ഥാന പ്രശ്നങ്ങൾ കണ്ടുപിടിക്കാതെ ഉപായം കണ്ടെത്തുന്നു. ചർച്ച പോലും നടത്തിയില്ലെന്നും ഉദേശ ലക്ഷ്യങ്ങൾ ചോദ്യം ചെയ്യപ്പെടണമെന്നും പ്രഭാഷ് വ്യക്തമാക്കി. കേരള സർവകലാശാല മുൻ പി വി. സി യും ഓപ്പൺ സർവകലാശാല മുൻ സ്പെഷ്യൽ ഓഫീസറുമാണ് ഡോ. ജെ പ്രഭാഷ്

വിദേശസർവ്വകലാശാല വിഷയത്തിൽ ഇടത് മുന്നണിയുടെ മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കൈക്കൊണ്ടതെന്ന വിമർശനം മുന്നണിക്ക് ഉള്ളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. നേരത്തെ വിദേശ സർവ്വകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ എൽഡിഎഫ് എതിർത്തിരുന്നു.

വിദേശ, സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുമെന്ന ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ വിദഗ്ധനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ എൻ ഗണേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിദേശ സർവകലാശാലകൾ വാണിജ്യ സ്വഭാവമുള്ളവയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കെ എൻ ഗണേഷിൻ്റെ വിമർശനം.

വിദേശ സര്വകലാശാല വിഷയത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് നേരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. വിദേശ സര്വകലാശാലകള് കേന്ദ്ര നയത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്ക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു നേരത്തെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ റിപ്പോര്ട്ടര് ടിവിയോട് പ്രതികരിച്ചത്.

എന്നാൽ പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നതിനാല് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള് കേരളത്തില് ആരംഭിക്കണമെന്ന് ആവശ്യമുണ്ടെന്നും ഇത് ഉള്പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില് സമഗ്ര മാറ്റം കൊണ്ട് വരുമെന്നും ബജറ്റ് പ്രസംഗത്തില് ധനകാര്യ മന്ത്രി കെ എന് ബാലഗോപാല് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us