കോഴിക്കോട്: ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച അധ്യാപിക പ്രൊഫസർ ഷൈജ ആണ്ടവനെ തള്ളി കോഴിക്കോട് എൻഐടി. ഷൈജ ആണ്ടവൻ്റെ കമൻ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കാൻ എൻഐടി അന്വേഷണ സമിതിയെ നിയോഗിച്ചു. കമൻ്റിനെ പിന്തുണക്കുന്നില്ലെന്നും കമന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും സമിതിയുടെ റിപ്പോർട്ട് കിട്ടിയാൽ ഉചിതമായ നടപടിയെടുക്കുമെന്നും എൻഐടി അധികൃതർ വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിൽ ഗോഡ്സയെ അനുകൂലിച്ച് കമൻ്റിട്ട ഷൈജ ആണ്ടവനെ ക്യാമ്പസിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ക്യാംപസിന് അകത്തും പുറത്തും പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് വരികയാണ്. എസ്എഫ്ഐയും എൻഐടിയിലേക്ക് മാർച്ച് നടത്തിയിരുന്നു. എസ്എഫ്ഐയുടെ പരാതിയിൽ കലാപാഹ്വാനത്തിന് കേസെടുത്ത കുന്നമംഗലം പൊലീസ് അധ്യാപികയുടെ പശ്ചാത്തലം സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീടിന് മുമ്പിൽ ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മറ്റി ഫ്ളക്സ് വെച്ച് പ്രതിഷേധിച്ചിരുന്നു. 'ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗന്ധിയുടെതാണ്' എന്നാണ് ഫ്ലക്സിൽ എഴുതിയിരുന്നത്.
നാഥുറാം ഗോഡ്സെ പ്രകീർത്തനം: ഷൈജ ആണ്ടവനെതിരെ പ്രതിഷേധം കടുപ്പിച്ച് യുവജന സംഘടനകൾ