മാനന്തവാടി: വീട്ടിൽ ഇരുന്നാൽ പോലും വന്യമൃഗങ്ങളെ ഭയക്കേണ്ട അവസ്ഥ ലജ്ജാകരമാണെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം. മൃഗങ്ങളുടെ ജനസംഖ്യ വർദ്ധനവിൽ ആർക്കും ആശങ്കയില്ല. ആരോടാണ് ചോദിക്കേണ്ടത്. ജീർണ്ണത ബാധിച്ച ഭരണ സംവിധാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിസിടിവി സ്ഥാപിച്ച് മൃഗങ്ങളുടെ പോക്ക് വരവ് അറിയാമല്ലോ. എന്ത് കൊണ്ട് അതിനു തുനിയുന്നില്ല. സാങ്കേതിക വിദ്യ ഉണ്ട്, പക്ഷേ മനസ്സ് ഇല്ല എന്നാണ് മനസിലാക്കേണ്ടത്. രാഷ്ട്രീയക്കാർ പരസ്പരം ചളി വാരിയെറിയൽ നിർത്തണം. വിഷയം നിയമ സഭയിലും പാർലമെൻ്റിലും ഉന്നയിക്കണം. ജനപ്രതിനിധികൾക്ക് എന്തുകൊണ്ട് ഇടപെട്ടുകൂടാ എന്ന ചോദ്യം ഉയരുന്നുണ്ട്. ദുരന്തം വന്ന ശേഷമുള്ള ഇടപെടൽ അല്ല വേണ്ടത്.ദുരന്തങ്ങൾ വരാതെ തടയുന്ന ഭരണത്തെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. വനം വന്യജീവി പ്രശ്നങ്ങളിൽ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നും മാർ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.
മാനന്തവാടിയിലെ സംഭവത്തിലൂടെ ഭരണകൂടത്തിന്റെ ജനങ്ങളോടുള്ള നിസംഗതയാണ് വെളിവാക്കുന്നതെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടിരുന്നു. മലയോരജനതയുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ജാഗ്രതയോടെ ഇടപെടണം. ഉദ്യോഗസ്ഥർ ഉത്തരവാദിത്തത്തോടെ പെരുമാറണം. മൃഗങ്ങൾ ചത്ത് കിടന്നാൽ മനുഷ്യർക്കെതിരെ ജാമ്യമില്ലാ കേസ് എടുക്കുന്നു. അജിയുടെ ജീവന് വിലയില്ലേ. നികുതി വാങ്ങി മൃഗങ്ങളുടെ മാത്രം സംരക്ഷകരാകുന്നതിൽ ചില അപാകതകൾ കാണുന്നു.ആരും മൃഗങ്ങൾക്ക് എതിരല്ല. അവയെ കൊന്നു കളയണം എന്ന് പറയുന്നില്ല. പ്രായാധിക്യവും അസുഖവും ഉള്ള മൃഗങ്ങൾ കാട്ടിൽ തന്നെ ജീവിക്കട്ടെ എന്നും ബിഷപ് റാഫേൽ തട്ടിൽ പറഞ്ഞു.
ഓപ്പറേഷൻ ബേലൂർ മഗ്ന: മയക്കുവെടി പ്രതിസന്ധിയിൽ? ആന നടന്നുനീങ്ങുന്നത് വെല്ലുവിളി