മാനന്തവാടി: കാട്ടാനയുടെ സാന്നിധ്യമുള്ള മേഖലകളിൽ സുരക്ഷ കണക്കിലെടുത്ത് മാനന്തവാടിയിൽ വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന് മൂല (ഡിവിഷന് 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുമാണ് ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചത്.
വയനാട് പടമലയില് പനച്ചിയില് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഭൗത്യം ഇന്നും തുടരും. നിലവില് ആന തോല്പ്പെട്ടി വനമേഖലയില് ഉണ്ടെന്നാണ് നിഗമനം. ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് ആനയെ മയക്കുവെടിവയ്ക്കാന് സാധിച്ചിരുന്നില്ല. മനുഷ്യജീവനെടുത്ത ആനയ്ക്കെതിരെ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
ബേലൂര് മഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നും തുടരുംഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് വനംവകുപ്പ് ദൗത്യം അവസാനിപ്പിച്ചത്. ആനയെ മയക്കുവെടിവയ്ക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ നാട്ടുകാര് പ്രകോപിതരായി. രാത്രി 12 പട്രോളിങ് സംഘങ്ങളുടെ കാവല് ഉറപ്പാക്കിയതോടെയാണ് രംഗം ശാന്തമായത്. കാട്ടാന സാന്നിധ്യമുള്ള മാനന്തവാടിയില് രാത്രിയിലും വനംവകുപ്പിന്റെ 13 ടീമും പൊലീസിന്റെ അഞ്ച് ടീമും പെട്രോളിങ് നടത്തുമെന്നാണ് മന്ത്രി എകെ ശശീന്ദ്രന് ഇന്നലെ അറിയിച്ചത്.
ആനയെ കണ്ടെത്താനായി ട്രാക്കിങ് സംഘം അല്പ സമയത്തിനകം ശ്രമം തുടങ്ങും. ആന ജനവാസമേഖലയില് തന്നെ തുടരുന്നുണ്ടെങ്കില് ഉടന് മയക്കുവെടി വെച്ച് പിടികൂടാന് ശ്രമം ആരംഭിക്കും. ആന കേരള വനാതിര്ത്തി കടന്നാല് നിരീക്ഷണം തുടരും.