കൊച്ചി: എക്സാലോജികിനെതിരെ എസ്എഫ്ഐഒ കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തിൻ്റെ പകർപ്പ് റിപ്പോർട്ടറിന്. എക്സാലോജിക് ഗുരുതര നിയമലംഘനം നടത്തിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഇത് ഉൾപ്പെടുന്നതാണ് ഇടക്കാല റിപ്പോർട്ട്. ഇടക്കാല തൽസ്ഥിതി റിപ്പോർട്ട് അനുസരിച്ചാണ് എസ്എഫ്ഐഒ അന്വേഷണം. ചില സാമ്പത്തിക ഇടപാടുകൾ സംശയകരമാണ്. ഇതിലാണ് അന്വേഷണം നടത്തുന്നത്. നികുതി അടച്ചത് കൊണ്ട് മാത്രം നിയമപരമാകില്ല. സംസ്ഥാന നികുതി വകുപ്പിൽ നിന്ന് രേഖകൾ ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രാഷ്ട്രീയ നേതാക്കൾ സിഎംആര്എല്ലില് നിന്ന് 135 കോടി രൂപ വാങ്ങിയെന്ന വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ പൊതു താൽപര്യം ഉൾപ്പെടും. പ്രോസിക്യൂഷൻ അനുമതി ഇതുവരെ തേടിയിട്ടില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
അതേസമയം, എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹർജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകൾ എക്സാലോജിക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി.
വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിന്റെ സേവന - സാമ്പത്തിക ഇടപാട് രേഖകൾ തേടി എസ്ഐഎഫ്ഐഒ സമൻസയച്ചതിന് പിന്നാലെയാണ് കമ്പനി നിയമവഴിയിൽ നീങ്ങിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വീണാ വിജയൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ചത്. അന്വേഷണം പ്രഖ്യാപിച്ചതിന് ആധാരമായ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യവും ഹർജിയിലുണ്ട്.