ന്യൂഡല്ഹി: 2047-ഓടെ രാജ്യത്ത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2022ല് രജിസ്റ്റര് ചെയ്ത കേസിലെ പ്രതിയും നിരോധിത സംഘടനയായ പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാസ്റ്റര് ട്രെയ്നറുമായ ഭീമന്റെവിട ജാഫറിനെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്സി. കണ്ണൂരിലെ വീട്ടില് നിന്നാണ് ജാഫറിനെ അറസ്റ്റ് ചെയ്തത്. 60 പേരെ പ്രതിചേര്ത്ത കേസില് അറസ്റ്റ് ചെയ്യപ്പെട്ട 59-ാമത്തെ ആളാണ് ജാഫറെന്ന് എന്ഐഎ പറഞ്ഞു.
അറസ്റ്റിലായ ജാഫര് നിരവധി കൊലപാതകശ്രമക്കേസുകളില് പ്രതിയാണെന്ന് എന്ഐഎ വക്താവ് പറഞ്ഞു. പോപ്പുര് ഫ്രണ്ടിന്റെ ഹിറ്റ് സ്ക്വാഡുകള്ക്ക് ആയുധ പരീശീലനമടക്കം ഇയാള് നല്കിയിരുന്നു. പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിന്റെ നിര്ദേശപ്രകാരമുള്ള ആക്രമണങ്ങള്ക്ക് നേതൃത്വം നല്കുന്ന സംഘങ്ങളായിരുന്നു ഇതെന്നും എന്ഐഎ വക്താവ് പറഞ്ഞു. എന്ഐഎയും സംസ്ഥാന തീവ്രവാദവിരുദ്ധസേനയും നടത്തിയ അന്വേഷണത്തിലാണ് ജാഫറിനെ അറസ്റ്റ് ചെയ്തത്.