ഓപ്പറേഷൻ ലോട്ടസിൽ വീഴില്ല; കോടികൾ തന്നാലും ബിജെപിയിലേക്കില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

മരിക്കുന്നത് വരെ മതേതര വിശ്വാസിയായി കോൺഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നൽകിയാൽപ്പോലും ഒറ്റ ചവിട്ട് കൊടുക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ

dot image

കാസർകോട്: കേന്ദ്രമന്ത്രിയാക്കാമെന്ന് പറഞ്ഞാൽ പോലും കോൺഗ്രസ് വിട്ട് ബിജെപിയിലേക്കില്ലെന്ന് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എത്ര കോടികൾ തന്നാലും ബിജെപിയിലേക്കില്ല, മരിക്കുന്നതുവരെ കോൺഗ്രസുകാരനായിരുന്ന് വർഗീയവാദികൾക്കെതിരെ പോരാടുമെന്നും റിപ്പോർട്ടർ ടിവി കോഫി വിത്ത് അരുണിൽ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സ്ഥാനമോഹങ്ങളില്ല. മരിക്കുന്നത് വരെ മതേതര വിശ്വാസിയായി കോൺഗ്രസുകാരനായി ജീവിക്കണം. ആഭ്യന്തരമന്ത്രിയാക്കാമെന്ന് വാഗ്ദാനം നൽകിയാൽപ്പോലും ഒറ്റ ചവിട്ട് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ ആയാറാം ഗയാറാം രാഷ്ട്രീനേതാക്കളുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥിന്റെ ബിജെപിയിലേക്ക് പോകാനുള്ള ആലോചനകളിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കമൽ നാഥ് കോൺഗ്രസിനെക്കൊണ്ട് നേടാവുന്നതെല്ലാം നേടി. അവസരവാദികളും സ്ഥാനമോഹികളുമായ ധാരാളം പേർ രാഷ്ട്രീയത്തിലുണ്ട്. എവിടെ സ്ഥാനം കിട്ടുന്നോ അവർ അവിടേക്ക് പോകും. അത്തരം ആളുകളാണ് പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നതും മറ്റ് പാർട്ടികളിൽ നിന്ന് വരുന്നതും. എന്നാൽ അങ്ങോട്ട് പോകുന്നവരെ പറഞ്ഞുവിടുകയും ഇങ്ങോട്ട് വരുന്നവരെ സ്വീകരിക്കാതിരിക്കുകയുമാണ് വേണ്ടത്.

ആർഎസ്പി നേതാവും എംപിയുമായ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തിതിനോടും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. പ്രേമചന്ദ്രൻ പാർലമെന്റിലെ ഏറ്റവും നല്ല അംഗമാണ്. എന്നാൽ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ പ്രേമചന്ദ്രനെപ്പോലെ പരിണിത പ്രജ്ഞനായ ഒരു നേതാവ് ആ ക്ഷണം സ്നേഹപൂർവ്വം നിരസിക്കണമായിരുന്നു. പ്രമേചന്ദ്രന്റെ നടപടിയോട് തനിക്ക് യോജിക്കാനാവില്ല. തന്നെയാണ് ക്ഷണിക്കുന്നതെങ്കിൽ പോകില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം അടുത്ത സുഹൃത്താണ്. പോകാൻ തീരുമാനിച്ചിരുന്നതുമാണ്. ഇതിനായി ഗുരുവായൂരിൽ മുറിവരെ ബുക്ക് ചെയ്തു. പക്ഷേ പോയില്ല. കാരണം നരേന്ദ്രമോദി ആ ചടങ്ങിന് പങ്കെടുക്കുന്നു എന്നതുകൊണ്ടാണ്. ഒരു രാഷ്ട്രീയ നേതാവ് എപ്പോഴും സുതാര്യമായിരിക്കണം. മോദി പങ്കെടുക്കുന്ന പരിപാടിയിൽ പോയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയോട് ചായ്വ് വ്യക്തമാക്കിക്കൊണ്ടുള്ള സിറോ മലബാർ സഭാ അധ്യക്ഷൻ മാർ റാഫേൽ തട്ടിലിന്റെ നിലപാടിനെയും ഉണ്ണിത്താൻ തള്ളി. സഭയല്ലല്ലോ ജനങ്ങളല്ലേ ആർക്ക് വോട്ടചെയ്യണമെന്ന് തീരുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സഭ പല നിലപാടുകളും സ്വീകരിക്കും. പക്ഷേ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് സഭയാണ്. സഭയുടെ തീരുമാനമല്ലല്ലോ അണികൾ അനുസരിക്കുന്നതെന്നും എൻഎസ്എസിനെയും എസ്എൻഡിപിയെയും ഉദാഹരണമായെടുത്ത് ഉണ്ണിത്താൻ പറഞ്ഞു.

കാസർകോട് എതിർ സ്ഥാനാർത്ഥിയായി ആരെ നിർത്തിയാലും ആശങ്കയില്ല. എതിരിൽ നിൽക്കുന്ന സ്ഥാനാർത്ഥിയെ വിലയിരുത്തേണ്ടത് ജനങ്ങളാണ്. കഴിഞ്ഞ തവണത്തെ തന്റെ എതിർ സ്ഥാനാർത്ഥി സതീഷ് ചന്ദ്രനേക്കാൾ മികച്ച സ്ഥാനാർത്ഥിയെ ഇനി ഇടതുമുന്നണിക്ക് നിർത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറാായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് ഈ തിരഞ്ഞെടുപ്പിൽ പ്രസക്തിയില്ല. ഈ തിരഞ്ഞെടുപ്പ് ഇന്ത്യ അടുത്ത അഞ്ച് വർഷം ആര് ഭരിക്കും തീരുമാനിക്കുന്നതിനാണ്. സ്വാതന്ത്ര്യ സമരം തിരുത്തി എഴുതാൻ ശ്രമിക്കുകയാണ്. ജനാധിപത്യത്തെ പണാധിപത്യംകൊണ്ട് അട്ടിമറിക്കാനുമാണ് ശ്രമം നടക്കുന്നത്. രാജ്യത്തെ മതരാഷ്ട്രമാക്കുകയാണ. ഹിന്ദുരാഷ്ട്രത്തിലേക്കുള്ള യാത്ര ആരംഭിച്ച് കഴിഞ്ഞു. ഇതിന് ഉദാഹരണമാണ് അയോധ്യയിൽ പ്രധാനമന്ത്രി പ്രാണ പ്രതിഷ്ഠ നടത്തിയതും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള തീരുമാനവും. ഇന്ത്യയുടെ മണ്ണിൽ ജനിച്ചുവീണ എല്ലാവരും സമന്മാരാണ്. എന്നാൽ രണ്ട് തരം പൗരന്മാരെ ഉണ്ടാക്കാനാണ് ഏകീകൃത സിവിൽകോഡിലൂടെ ശ്രമം നടക്കുന്നത്. ഇതുവഴി പൌരന്റെ ജാതിമത അവകാശങ്ങൾ അട്ടിമറിക്കപ്പെടും. മണിപ്പൂരിലെ വംശഹത്യയും ഉദാരണമാണ്. ഏശുക്രിസ്തുവിന്റെ വിഗ്രഹം പോലും തകർക്കുകയാണെന്നും കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us