തിരുവനന്തപുരം: തലസ്ഥാന റോഡ് നിര്മ്മാണ വിവാദത്തില് കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടി സിപിഐഎം സെക്രട്ടേറിയറ്റ്. നഗരസഭയെ പ്രതിക്കൂട്ടില് നിര്ത്തുന്നതാണ് കടകംപള്ളിയുടെ പരസ്യ വിമര്ശനമെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്.
തെറ്റ് പറ്റിയെന്നാണ് വിഷയത്തില് കടകംപള്ളിയുടെ വിശദീകരണം. റോഡ് നിര്മ്മാണം ഇഴയുന്നതില് ജനങ്ങള്ക്കിടയിലുള്ള പരാതിയാണ് ഉന്നയിച്ചത്. എന്നാല് പരസ്യമായി ഉന്നയിച്ചത് തെറ്റായിപ്പോയെന്ന് പിന്നീട് തോന്നിയെന്നും കടകംപള്ളി പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിനെതിരായ വാര്ത്ത ചോര്ന്നതില് സിപിഐഎമ്മില് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കടകംപള്ളിക്ക് പരസ്യമായി മറുപടി നല്കിയതിന് റിയാസിനെതിരെ വിമര്ശനം ഉയര്ന്നു എന്ന് വാര്ത്ത വന്നിരുന്നു. ഈ വാര്ത്ത എങ്ങനെ പുറത്ത് പോയി എന്നതിലാണ് പാര്ട്ടി തല അന്വേഷണം. ചോര്ച്ച അന്വേഷിക്കുമെന്ന് സംസ്ഥാന കമ്മിറ്റിയില് എം വി ഗോവിന്ദന് പറഞ്ഞു.
റോഡ് നിര്മ്മാണ വിവാദം; കടകംപള്ളി സുരേന്ദ്രനെതിരെ സിപിഐഎം സംസ്ഥാന സമിതിയില് വിമര്ശനംകടകംപള്ളിയുടെ വിമര്ശനം തെറ്റെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്ശനമാണ് സിപിഐഎം സംസ്ഥാന സമിതിയില് ഉയര്ന്നത്. വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയെന്നാണ് വിമര്ശനം. പാര്ട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടില് നിര്ത്തി. മുതിര്ന്ന നേതാവില് നിന്ന് ഉണ്ടാകാന് പാടില്ലാത്ത സമീപനമാണുണ്ടായതെന്നും പ്രശ്നം അതീവ ഗൗരവം ഉള്ളതെന്നും സംസ്ഥാന കമ്മിറ്റിയില് അവതരിപ്പിച്ച റിപ്പോര്ട്ടില് വിമര്ശനമുണ്ട്. പൊതുമരാമത്ത് വകുപ്പിനെയും നഗരസഭയെയും അവഹേളിച്ച് പ്രസംഗിച്ച നടപടി ശരിയായില്ലെന്നും ഒരു മുതിര്ന്ന നേതാവില് നിന്ന് പ്രതീക്ഷിച്ച നടപടിയല്ലിതെന്നും സംസ്ഥാന സമിതിയില് അഭിപ്രായമുയര്ന്നു.
തലസ്ഥാനത്തെ റോഡ് നിര്മ്മാണവുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനും മന്ത്രി മുഹമ്മദ് റിയാസും നടത്തിയ പ്രസ്താവനകളാണ് വിവാദമായത്. മേയര് ആര്യാ രാജേന്ദ്രന് പങ്കെടുത്ത പരിപാടിയിലായിരുന്നു റോഡ് നിര്മ്മാണം വൈകുന്നതിനെ കടകംപള്ളി വിമര്ശിച്ചത്. ഇതിന് പിന്നാലെ മറുപടിയുമായി മുഹമ്മദ് റിയാസും രംഗത്തെത്തി. കരാറുകാരെ തൊട്ടപ്പോള് ചിലര്ക്ക് പൊള്ളിയെന്നായിരുന്നു റിയാസിന്റെ പ്രതികരണം.
വാദപ്രതിവാദങ്ങള് ചര്ച്ചയ്ക്ക് വഴിവെച്ചതോടെ താനും റിയാസും തമ്മില് യാതൊരു പ്രശ്നവുമില്ലെന്ന് അറിയിച്ച് കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മുഹമ്മദ് റിയാസിനെതിരെ സിപിഐഎം സെക്രട്ടേറിയറ്റില് വിമര്ശനം ഉയര്ന്നിരുന്നു. നേതാക്കളെ സംശയത്തില് നിര്ത്തുന്ന പരാമര്ശം അപക്വമാണെന്നായിരുന്നു വിമര്ശനം. പ്രതികരണത്തില് മന്ത്രി ജാഗ്രത പുലര്ത്തിയില്ലെന്നും വിമര്ശനമുയര്ന്നു.