കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് രാവിലെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ട് ഹാജരാകാനായിരുന്നു നോട്ടീസ്. അസൗകര്യമറിയിച്ച് അദ്ദേഹം ഇ ഡി ക്ക് കത്ത് നൽകി.
മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഒന്നിനാണ് ഇതിന് മുമ്പ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയിരുന്നത്. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നേരത്തേ നൽകിയ നോട്ടീസ് ഇ ഡി പിൻവലിച്ചിരുന്നു. വ്യക്തിഗതവിവരങ്ങൾ ചോദിച്ച് ഇ ഡി ബുദ്ധിമുട്ടിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു നോട്ടീസ് അയക്കാൻ വിലക്കിയത്. എന്നാൽ അന്വേഷണം തുടരാൻ തടസമില്ലെന്നും പുതിയ നോട്ടീസ് ഇ ഡി ക്ക് അയയ്ക്കാം എന്നും ഹൈക്കോടതി പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് അന്ന് വീണ്ടും നോട്ടീസ് നൽകിയത്. തോമസ് ഐസക്കിനെ ചോദ്യം ചെയ്യാതെ കേസിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല എന്നതാണ് ഇ ഡി നിലപാട്.
അതേസമയം, മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കാനുള്ള ഇഡി സമന്സ് ചോദ്യം ചെയ്ത് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്ജിയിൽ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിര് സത്യവാങ്മൂലം നല്കിയേക്കും. ഇഡി സമന്സ് ചോദ്യം ചെയ്ത് മുന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് നല്കിയ ഹര്ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇന്ന് ഹാജരാകണമെന്ന് കാട്ടി ഇഡി നല്കിയ സമന്സും തോമസ് ഐസക് ചോദ്യം ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.
ഹാജരാകുന്നത് സംബന്ധിച്ച് തോമസ് ഐസക്കിന് തീരുമാനമെടുക്കാമെന്നാണ് ഇന്നലെ കോടതി പറഞ്ഞത്. തോമസ് ഐസകിനും വേണ്ടി സുപ്രീം കോടതിയിലെ മുതിര്ന്ന അഭിഭാഷകനാണ് ഹാജരാവുന്നത്. സമന്സ് നല്കി വിളിച്ചുവരുത്തിയാലും അറസ്റ്റ് ചെയ്യില്ലെന്ന് ഇഡി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഫെമ നിയമലംഘനം പരിശോധിക്കാന് ഇഡിക്ക് അധികാര പരിധിയില്ലെന്നാണ് തോമസ് ഐസകിന്റെ പ്രധാന വാദം. മസാല ബോണ്ടിന് അനുമതി നല്കിയ റിസര്വ് ബാങ്കിന് പരാതിയില്ലെങ്കില് മറ്റാര്ക്കും പരാതിയുണ്ടാകേണ്ട കാര്യമില്ലെന്നായിരുന്നു നേരത്തെ സിംഗിള് ബെഞ്ചിന്റെ വിധി.