ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമ്മാണം; ഫെബ്രുവരി 15 മുതൽ ഗതാഗത നിയന്ത്രണം

പൊതുജനങ്ങൾക്ക് ഒത്തുകൂടാനും കായൽ ഭംഗി ആസ്വദിക്കാനുമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നടപ്പാതകളടക്കം വിവിധ സൗകര്യങ്ങള് ഉൾപ്പെടുത്തിയാകും 180 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പുതിയ പാലത്തിന്റെ നിർമ്മാണം

dot image

കൊച്ചി: ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഈ മേഖലയിൽ ഗതാഗതം വഴിതിരിച്ചുവിടാൻ തീരുമാനം. പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള പൈലിംഗ് ആരംഭിക്കുന്നതിനാൽ ഈ മാസം 15 മുതലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. ചിലവന്നൂർ ഭാഗത്ത് നിന്ന് തൈക്കൂടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചിലവന്നൂർ റോഡ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ജനതാ റോഡിലേക്കും പോകേണ്ടതാണ്. ഭാരവാഹനങ്ങൾ കെ പി വള്ളോൻ റോഡ് വഴി ചിലവന്നൂർ ഭാഗത്തേക്ക് പോകണമെന്നാണ് നിർദ്ദേശം. തൈക്കൂടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ജനതാ റോഡ് അല്ലെങ്കിൽ ബൈപ്പാസ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ചിലവന്നൂർ ഭാഗത്തേക്കും പോകണ്ടതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ തീരുന്നത് വരെ ഈ മേഖലയിൽ മേൽപ്പറഞ്ഞ രീതിയിൽ ഗതാഗതം വഴിതിരിച്ച് വിടുന്നതാണ്.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റിക്കാണ് നിർമ്മാണത്തിന്റെ ടെൻഡർ ലഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഒത്തുകൂടാനും കായൽ ഭംഗി ആസ്വദിക്കാനുമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നടപ്പാതകളടക്കം വിവിധ സൗകര്യങ്ങള് ഉൾപ്പെടുത്തിയാകും 180 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പുതിയ പാലത്തിന്റെ നിർമ്മാണം. ചിലവന്നൂർ കനാലിന്റെ ഇരു ഭാഗങ്ങളിലുമുള്ള നടപ്പാത മുഖ്യ ആകർഷണമാകും. തണൽ മരങ്ങളും ഇരിപ്പിടങ്ങളും വാണിജ്യാടിസ്ഥാനത്തിലുള്ള കിയോസ്കുകളും സ്ഥാപിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

കെഎംആർഎല്ലിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന പദ്ധതിയുടെ ഭാഗമായി ഈ മേഖലയിൽ ഡ്രഡ്ജിംഗ് നടത്തുകയും കായലിലെ പോളകൾ നീക്കം ചെയ്യുകയും ചെയ്യുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പുതിയ പാലം വരുന്നതോടെ കുമ്പളം, തേവര ഭാഗങ്ങളിൽ നിന്ന് വരുന്ന വാട്ടർ മെട്രോ സർവ്വീസുകളെ എളംകുളം മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ സാധിക്കും. ജലഗതാഗത രംഗത്തെ ടൂറിസം സാധ്യതകൾ കൂടി മുന്നിൽക്കണ്ടുള്ള വികസനമാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. തണ്ണീർമുക്കം ബണ്ട് മുതൽ മരട് വഴി എളംകുളം ഭാഗത്തേക്ക് ടൂറിസ്റ്റ് ബോട്ടുകൾക്ക് സർവ്വീസ് നടത്താനുള്ള സാഹചര്യമൊരുങ്ങും. പെഡൽ ബോട്ടിംഗ്, കയാകിംഗ് ഉൾപ്പെടെയുള്ള വാട്ടർ സ്പോർസ് സാധ്യതകളും ഈ മേഖലയിൽ ഒരുങ്ങും. ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന്റെ പുനർ നിർമ്മാണം 20 മാസം കൊണ്ട് പൂർത്തിയാക്കുവാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us