മലപ്പുറം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ ഫോറൻസിക് സർജൻ ഡോ ഹിതേഷ് ശങ്കറിന്റെ മൊഴിയെടുക്കൽ പൂർത്തിയായി. മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് സിബിഐ സംഘം ഹിതേഷ് ശങ്കറിന്റെ മൊഴിയെടുത്തത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ.
കേസിൽ ദൃക്സാക്ഷികളായ ചേളാരി സ്വദേശികളായ മൻസൂർ, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂർ സ്വദേശികളായ ജബീർ, ഫാസിൽ, കൂമണ്ണ സ്വദേശി ആബിദ് എന്നിവരുടെ മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു. ആലുങ്ങലിലെ വാടകമുറിയിലും, താനൂർ പൊലീസ് ക്വാർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട് കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്. കേസിൽ പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്ന യുവാക്കളുടെ വെളിപ്പെടുത്തൽ നേരത്തെ റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും യുവാക്കളുടെ മൊഴികളായിരുന്നു വഴിത്തിരിവായത്.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മന്ത്രിറിപ്പോർട്ടർ ടിവിയാണ് താമിർ ജിഫ്രി കൊലപാതകത്തിന്റെ നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. 2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. പൊലീസ് തിരക്കഥകൾ പൊളിച്ചു കൊണ്ട് റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്ന തെളിവുകൾ കേസിൽ വളരെയേറെ നിർണായകമായി. കേസ് അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നടത്തിയ ഇടപെടലുകളും അട്ടിമറി ശ്രമങ്ങളും റിപ്പോർട്ടറിലൂടെയാണ് പുറംലോകമറിഞ്ഞത്.