മലപ്പുറം: താനൂര് കസ്റ്റഡി കൊലപാതകത്തില് സിബിഐ അന്വേഷണം പുരോഗമിക്കുന്നു. പൊലീസ് കസ്റ്റഡിയില് കൊലചെയ്യപ്പെട്ട താമിര് ജിഫ്രിയുടെ പോസ്റ്റുമോര്ട്ടത്തിലെ കണ്ടെത്തലുകള് സിബിഐ സംഘവും ശരിവെച്ചുവെന്നാണ് സൂചന. ഫൊറന്സിക് വിഭാഗത്തിന്റെ മൊഴിയെടുക്കല് പുരോഗമിക്കുകയാണ്. താമിര് ജിഫ്രിക്കേറ്റ മര്ദ്ദന വിവരങ്ങള് ചോദിച്ചറിയുന്നുണ്ട്.
മര്ദ്ദനം മരണത്തിന് കാരണമായെന്ന കണ്ടെത്തല് ആവര്ത്തിക്കുകയാണ് ഫൊറന്സിക് വിഭാഗം. ഫോട്ടോകള് സഹിതം ശരീരത്തിലെ മുറിവുകള് വിശദീകരിച്ചു നല്കി. താമിര് ജിഫ്രിയുടെ രോഗ വിവരങ്ങളും ലഹരിയുടെ അളവും സിബിഐ സംഘം ശേഖരിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീണ്ടും മലപ്പുറത്തെത്തിയ സിബിഐ സംഘം മലപ്പുറം മുന് എസ്പിയെ കുറിച്ചും വിവരങ്ങള് തേടുന്നുണ്ട്. എസ്പി സ്വാധീനിക്കാന് ശ്രമിച്ചോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല് സ്വാധീനിച്ചില്ലെന്നും ഫൊറന്സിക് സര്ജന് മൊഴി നല്കിയിട്ടുണ്ട്. ഡോ ഹിതേഷ് ശങ്കര്, ഡോ സഞ്ജയ്, ഡോ അജിത്ത് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം സിബിഐ താമിര് ജിഫ്രിയുടെ മാതാവിന്റെ മൊഴിയെടുത്തിരുന്നു. കേസിലെ പ്രതികളെ പിടികൂടാത്തതില് കുടുംബം സിബിഐയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. കേസില് കാലതാമസം വരുന്നുവെന്നും കുടുംബം പ്രതികരിച്ചു. കേസന്വേഷണത്തില് ഉചിതമായ നടപടികള് ഉടന് ഉണ്ടാകുമെന്ന് സിബിഐ സംഘം കുടുംബത്തിന് ഉറപ്പ് നല്കി.
2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര് ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. പൊലീസ് തിരക്കഥകള് പൊളിച്ചു കൊണ്ട് റിപ്പോര്ട്ടര് ടിവി പുറത്തുകൊണ്ടുവന്ന തെളിവുകള് കേസില് വളരെയേറെ നിര്ണായകമായി. കേസ് അട്ടിമറിക്കാന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നടത്തിയ ഇടപെടലുകളും അട്ടിമറി ശ്രങ്ങളും റിപ്പോര്ട്ടറിലൂടെയാണ് പുറംലോകമറിഞ്ഞത്.
താനൂർ കസ്റ്റഡിക്കൊലപാതകം; ഫോറൻസിക് സർജന്റെ മൊഴിയെടുത്ത് അന്വേഷണസംഘം