കല്പ്പന: വയനാട് കത്തിക്കണമെന്ന് സമൂഹമാധ്യമങ്ങളില് ശബ്ദ സന്ദേശം പ്രചരിക്കുന്നതില് കേസെടുത്ത് പൊലീസ്. കലാപാഹ്വാനത്തിനാണ് പൊലീസ് കേസെടുത്തത്. വിഎസ്എസ് ജീവനക്കാരനായ പോളിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്.
എയര് ആംബുലന്സ് മാറ്റി രോഗിയെ രണ്ടാമതും എമര്ജന്സി ശസ്ത്രക്രിയക്ക് കയറ്റിയതായും എന്തെങ്കിലും സംഭവിച്ചാല് വയനാട് കത്തിക്കണം എന്നും അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നുമാണ് ശബ്ദ സന്ദേശത്തില് പറയുന്നത്. ശബ്ദ സന്ദേശം പ്രചരിപ്പിച്ച ആള്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. മാനന്തവാടി പൊലീസാണ് അന്വേഷണം നടത്തുന്നത്.
വയനാട്ടില് മൂന്ന് ആഴ്ചക്കിടെ വന്യമൃഗ ആക്രമണത്തില് മൂന്ന് മരണം സംഭവിച്ച പശ്ചാത്തലത്തില് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കാട്ടാന ആക്രമണത്തിഷ കൊല്ലപ്പെട്ട പോൾ രാവിലെ 9.30ഓടെയായിരുന്നു ചോകാടിക്ക് സമീപം കുറുവാ ദ്വീപിലേയ്ക്ക് ഇറങ്ങുന്ന പ്രധാനപാതയ്ക്ക് സമീപം കാട്ടാനയെ കണ്ടത്. ആനയെ കാട്ടിലേയ്ക്ക് തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന പോളിന് നേരെ തിരിയുകയായിരുന്നു. ഇതിനിടെ വീണ് പോയ പോളിനെ കാട്ടാന ചവിട്ടുകയായിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള് ഒച്ചയിട്ടതിനെ തുടര്ന്നാണ് കാട്ടാന പോളിനെ ആക്രമിക്കുന്നതില് നിന്നും പിന്തിരിഞ്ഞത്. തുടര്ന്ന് പരിക്കേറ്റ പോളിനെ വയനാട് മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില് പോളിന് വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. പോളിന് ആന്തരിക രക്തസ്രാവവും ഉണ്ടായതാണ് ആരോഗ്യനില ഗുരുതരമാക്കിയത്.