ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ ആര് മുഖ്യമന്ത്രിയാവണം എന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യത്തോട് പ്രതികരിച്ച് മാവേലിക്കരയിലെയും വയനാട്ടിലെയും വോട്ടർമാർ. മാവേലിക്കരയില് സർവ്വെയിൽ പങ്കെടുത്ത 26.4 ശതമാനം ആളുകളും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ കെ ശൈലജയുടെ പേരാണ് മുന്നോട്ട് വയ്ക്കുന്നത്. 20.6 ശതമാനം പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നത് 13.7 ശതമാനം ആളുകളാണ്. ശശി തരൂരിനെ 11.9 ശതമാനവും കെ സുധാകരനെ 4.4 ശതമാനവും രമേശ് ചെന്നിത്തലയെ 3.6 ശതമാനവും കെ സി വേണുഗോപാലിനെ 1.5 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു. ബിജെപിയുടെ ഭാഗത്ത് നിന്നും പിന്തുണ കൂടുതൽ സുരേഷ് ഗോപിക്കാണ്. 12.5 ശതമാനമാണ് സുരേഷ് ഗോപിയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നത്. കെ സുരേന്ദ്രനെ 1.5 ശതമാനം പിന്തുണയ്ക്കുമ്പോൾ അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 3.9 ശതമാനമാണ്.
വയനാട്ടുകാരും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നത് കെ കെ ശൈലജയെയാണ്. സർവ്വെയിൽ പങ്കെടുത്ത 23.5 ശതമാനം കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ 21.8 ശതമാനം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുമ്പോൾ പിണറായി വിജയനെ പിന്തുണയ്ക്കുന്നത് 18.4 ശതമാനമാണ്. ശശി തരൂരിനെ 14.5 ശതമാനവും രമേശ് ചെന്നിത്തലയെ 4.5 ശതമാനവും കെ സുധാകരനെ 4.1 ശതമാനവും കെ സി വേണുഗോപാലിനെ 1.5 ശതമാനവുമാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നത്. സുരേഷ് ഗോപിയെ 11.1 ശതമാനം പിന്തുണയ്ക്കുമ്പോൾ കെ സുരേന്ദ്രനെ സർവ്വെയിൽ പങ്കെടുത്ത ആരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അറിയില്ലെന്ന് 0.6 ശതമാനം അഭിപ്രായപ്പെട്ടു.
ഈ തെരഞ്ഞെടുപ്പിന് ശേഷം ആരെയാണ് പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മാവേലിക്കരയിൽ കൂടുതൽ പേരും പിന്തുണയ്ക്കുന്നത് നരേന്ദ്ര മോദിയെയാണ്. 39.8 ശതമാനം ആളുകൾ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് സർവ്വെയിൽ പങ്കെടുത്ത 31.1 ശതമാനമാണ് അഭിപ്രായപ്പെടുന്നത്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ 5 ശതമാനം പിന്തുണയ്ക്കുമ്പോൾ ശശി തരൂരിനെ 4.5 ശതമാനം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു. അരവിന്ദ് കെജ്രിവാളിനെ 2.8 ശതമാനവും മമതാ ബാനർജിയെ 2.3 ശതമാനം പേർ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു. അറിയില്ലെന്ന് 13.7 ശതമാനം അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാണിക്കാൻ വയനാട്ടിൽ നിന്ന് സർവ്വെയിൽ പങ്കെടുത്ത ഭൂരിപക്ഷത്തിനും താൽപ്പര്യമില്ല. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി വരണമെന്ന് സർവ്വെയിൽ പങ്കെടുത്ത 49.4 ശതമാനമാണ് അഭിപ്രായപ്പെടുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വരണമെന്ന് 25.3 ശതമാനമാണ് ആഗ്രഹിക്കുന്നത്. മല്ലികാർജ്ജുൻ ഖർഗേ പ്രധാനമന്ത്രിയാകണമെന്ന് 6.8 ശതമാനം അഭിപ്രായപ്പെടുന്നു. ശശി തരൂരിനെ 3.2 ശതമാനവും നിതിഷ് കുമാറിനെ 2.7 ശതമാനവും അരവിന്ദ് കെജ്രിവാളിനെ 2.3 ശതമാനവും മമതാ ബാനർജിയെ 1 ശതമാനവും പ്രധാനമന്ത്രിയായി ആഗ്രഹിക്കുന്നു. അറിയില്ലെന്നാണ് 9.3 ശതമാനത്തിൻ്റെ അഭിപ്രായം.
മാവേലിക്കര മണ്ഡലത്തിൽ എൽഡിഫിൻ്റെ അട്ടിമറി വിജയം പ്രവചിക്കുന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ നേരത്തെ പുറത്ത് വന്നിരുന്നു. 2009 മുതൽ മാവേലിക്കര മണ്ഡലം കുത്തകയാക്കി വെച്ചിരിക്കുന്ന യുഡിഎഫിൻ്റെ കോട്ട ഇത്തവണ പൊളിയുമെന്നാണ് സർവെയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. എൽഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 44.2 ശതമാനം പേരും അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടത് 40.5 ശതമാനം പേരാണ്. ബിജെപിക്ക് 15.3 ശതമാനം ആളുകൾ വിജയം പ്രവചിച്ചു. അറിയില്ലെന്ന് ആരും അഭിപ്രായം പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
വയനാട്ടിൽ യുഡിഎഫ് ഇത്തവണയും മികച്ച വിജയം ആവർത്തിക്കുമെന്നാണാണ് സർവ്വെയിൽ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. വയനാട്ടിൽ യുഡിഎഫ് വിജയിക്കുമെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ 52.9 ശതമാനവും അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 33.1 ശതമാനം അഭിപ്രായപ്പെടുമ്പോൾ 12.7 ശതമാനം ബിജെപിക്ക് വിജയം പ്രവചിക്കുന്നു. 1.3 ശതമാനമാണ് അറിയില്ലെന്ന അഭിപ്രായം പങ്കുവെച്ചത്.
2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മാവേലിക്കര, വയനാട് ലോക്സഭാ മണ്ഡലങ്ങളിലെ 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.