രാമക്ഷേത്രവും രാജ്യസ്നേഹവും തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്ന് മാവേലിക്കരയും വയനാടും. റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്തവരിൽ മാവേലിക്കരയിൽ നിന്ന് 2.2 ശതമാനം മാത്രമാണ് അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടത്. വയനാട്ടിൽ 4.2 ശതമാനമാണ് രാമക്ഷേത്ര വിഷയത്തെ തിരഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാണിച്ചത്. രാജ്യ സുരക്ഷ തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് മാവേലിക്കരയിൽ 4.7 ശതമാനം അഭിപ്രായപ്പെട്ടു. രാജ്യസ്നേഹം തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് 11.1 ശതമാനമാണ് വയനാട്ടിൽ അഭിപ്രായപ്പെട്ടത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വാധീനിക്കപ്പെടുന്ന വിഷയങ്ങൾ ഏതെന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യത്തിന് വയനാട്ടിലും മാവേലിക്കരയിലും വികസന പ്രവർത്തനം എന്നാണ് കൂടുതൽ ആളുകൾ ഉത്തരം നൽകിയത്. മാവേലിക്കരയിൽ 41.3 ശതമാനം പേരാണ് വികസനം തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. വയനാട്ടിൽ 32.1 ശതമാനം ആളുകളാണ് വികസനം പ്രധാനവിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. സ്ഥാനാർത്ഥിയുടെ വ്യക്തിത്വമാണ് പ്രധാന വിഷയമെന്ന് മാവേലിക്കരയിൽ 10.6 ശതമാനവും വയനാട്ടിൽ 15.1 ശതമാനവും അഭിപ്രായപ്പെട്ടു.
വിലക്കയറ്റം തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് മാവേലിക്കരയിൽ നിന്നും സർവ്വെയിൽ പങ്കെടുത്ത 20.6 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ വയനാട്ടിൽ നിന്ന് 16.6 ശതമാനമാണ് വിലക്കയറ്റം വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടത്. തൊഴിലില്ലായ്മ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയമായി മാവേലിക്കരയിൽ 11.9 ശതമാനം ചൂണ്ടിക്കാണിച്ചപ്പോൾ വയനാട്ടിൽ 11.1 ശതമാനം സമാനമായ അഭിപ്രായം പങ്കുവെച്ചു. അഴിമതിയും തിരഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മാവേലിക്കരയിൽ 8.6 ശതമാനം ആളുകളും വയനാട്ടിൽ 7.7 ശതമാനം ആളുകളും അഴിമതി പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെടുന്നു. ഈ വിഷയങ്ങൾ അറിയില്ലെന്ന് മാവേലിക്കരയിൽ 0.1 ശതമാനവും വയനാട്ടിൽ 1.9 ശതമാനവും അഭിപ്രായപ്പെട്ടു.