മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഏഴാം ദിനവും തുടരും. ആന മാനിവയൽ പ്രദേശത്ത് തന്നെ വനമേഖലയിൽ തുടരുന്നതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. അടിക്കാടുകൾ നിറഞ്ഞ ഈ വനമേഖല ദൗത്യത്തിന് വീണ്ടും വെല്ലുവിളിയായി. ഒപ്പമുള്ള മോഴയാനയും പ്രതിസന്ധിയാണ്.
ആനയുടെ 100 മീറ്റർ അരികിൽ വരെ എത്താനായത് മാത്രമാണ് ദൗത്യത്തിൽ ഇന്നലെ ഉണ്ടായ പുരോഗതി. കേരള കർണ്ണാടക അംഗങ്ങൾ ഉൾപ്പെട്ട മൂന്ന് സംഘങ്ങളായാണ് ഇനിയുള്ള ശ്രമങ്ങൾ നടക്കുക. വനം വകുപ്പിന്റെ നിരവധി ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയ ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ ഇന്ന് ദൗത്യസംഘത്തോടൊപ്പം ചേരും.
മറ്റൊരു മോഴയാനയോടൊപ്പമാണ് ബേലൂര് മഗ്നയുടെ സഞ്ചാരം. ഈ മോഴയാന അക്രമകാരിയാണെന്നതാണ് പ്രതികൂലമായ മറ്റൊരു ഘടകം. കാട്ടാനയെ ട്രാക്ക് ചെയ്ത വനത്തില് പുലിയുടെ സാന്നിധ്യമുള്ളതും ദൗത്യത്തിന് വെല്ലുവിളിയാണ്. ദൗത്യ സംഘം കഴിഞ്ഞ ദിവസം രണ്ട് തവണ പുലിയുടെ മുന്നില് പെട്ടിരുന്നു.