തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷ സ്ഥാനം പാലോട് രവി രാജിവെച്ചു. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയിലെ കോണ്ഗ്രസുകാരനായ പ്രസിഡന്റും രണ്ട് അംഗങ്ങളും സിപിഐഎമ്മില് ചേര്ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചത്.
പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ഷിനു മടത്തറയാണ് കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ്മാരിൽ ഒരാളായിരുന്നു ഷിനു മടത്തറ. ഇയാൾക്കൊപ്പം കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളായ കലയപുരം അൻസാരി, എം ഷഹനാസ് എന്നിവരും വാർഡ് മെമ്പർ സ്ഥാനം രാജി വച്ചു.
പ്രാദേശിക പ്രശ്നങ്ങളെ തുടര്ന്നാണ് കോണ്ഗ്രസ് നേതാക്കള് പാര്ട്ടി വിട്ടത്. പ്രശ്നം പരിഹരിക്കുന്നതില് ഡിസിസി നേതൃത്വം പരാജയപ്പെട്ടെന്ന് പാര്ട്ടി വിട്ടവര് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാലോട് രവി ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നത്.
മൂന്ന് അംഗങ്ങളുടെ രാജിയോടെ 20 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. കോൺഗ്രസ് വിട്ട് എത്തിയവരെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പാർട്ടിയിലേക്ക് സ്വീകരിച്ചു.