തൃശ്ശൂര്: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില് ചാലക്കുടി മണ്ഡലത്തിലേക്ക് സ്ഥാനാര്ത്ഥിയാവാന് സിപിഐഎം പരിഗണിച്ചിരുന്ന സി രവീന്ദ്രനാഥ് മത്സരിക്കാന് താല്പര്യമില്ലെന്ന് പാര്ട്ടി നേതൃത്വത്തെ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാല് മത്സരത്തില് നിന്ന് ഒഴിവാകുകയാണെന്നാണ് അറിയിച്ചത്. രവീന്ദ്രനാഥിന്റെ പേര് സിപിഐഎം ഏതാണ്ടുറപ്പിച്ച നേരത്താണ് മുന് വിദ്യാഭ്യാസ മന്ത്രിയുടെ ഈ ഇടപെടല്.
ഇതോടെ മറ്റ് പേരുകള് കണ്ടെത്താന് തൃശ്ശൂര് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. തൃശ്ശൂര് കമ്മറ്റി മുന്നോട്ടുവെച്ച പേരുകള് സംസ്ഥാന നേതൃത്വത്തിന് സ്വീകാര്യമായില്ല. ഇതോടെ സ്ഥാനാര്ത്ഥിയെ കണ്ടെത്താനുള്ള ഉത്തരവാദിത്വം എറണാകുളം ജില്ലാ കമ്മറ്റിക്ക് നല്കി.
അതിനാല് ഇക്കുറി ചാലക്കുടിയിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥി എറണാകുളം ജില്ലയില് നിന്നാവാന് സാധ്യതയേറെയാണ്. സാധാരണ തൃശ്ശൂര് ജില്ലയില് നിന്നുള്ള സ്ഥാനാര്ത്ഥിയാണ് ചാലക്കുടിയില് മത്സരിക്കാറുള്ളത്. ഇത്തവണ അതിന് മാറ്റം വരുന്നു എന്ന സൂചനയാണ് ഇപ്പോള് ലഭിക്കുന്നത്.
പി സി ചാക്കോയെന്ന പാര്ലമെന്ററി രംഗത്തെ അതികായനെ ഇന്നസെന്റെന്ന സിനിമാ നടനെ രംഗത്തിറക്കി എല്ഡിഎഫ് പിടിച്ചെടുത്ത മണ്ഡലം കൂടിയാണ് ചാലക്കുടി. പൊതുവേ യുഡിഎഫ് ചായ്വ് കാണിക്കുന്ന മണ്ഡലം ഇടക്കിടക്ക് എല്ഡിഎഫിന് കൈകൊടുക്കാറുണ്ട്. അതില് അവസാനത്തേതായിരുന്നു ഇന്നസെന്റിന്റെ വിജയം. യുഡിഎഫ് സ്ഥാനാര്ത്ഥിയായ പി സി ചാക്കോയെ 13,884 വോട്ടുകള്ക്കാണ് ഇന്നസെന്റ് പരാജയപ്പെടുത്തിയത്. അതേ ഇന്നസെന്റിനെ 1,32,274 വോട്ടുകള്ക്ക് പരാജയപ്പെടുത്തി ബെന്നി ബെഹനാന് യുഡിഎഫിന് വേണ്ടി 2019ൽ മണ്ഡലം തിരിച്ചു പിടിച്ചു.
മണ്ഡലം നിലനിര്ത്താന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സിറ്റിംഗ് എംപി ബെന്നി ബെഹനാനെ തന്നെ സ്ഥാനാര്ത്ഥിയാക്കാനാണ് യുഡിഎഫ് ആലോചന. മറ്റൊരു പേര് ആലോചിക്കുന്നതേയില്ല യുഡിഎഫ്.
അനില് ആന്റണിയെ ചാലക്കുടിയിലേക്ക് നിയോഗിച്ചാലോ എന്ന് ബിജെപി നേതൃത്വം കാര്യമായി തന്നെ ആലോചിക്കുന്നുണ്ട്. മുതിര്ന്ന നേതാവ് എഎന് രാധാകൃഷ്ണന്റെ പേരും പരിഗണിക്കുന്നുണ്ട്.