മലപ്പുറം: പൊന്നാനി ലോക്സഭ മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി പാര്ട്ടി കേന്ദ്ര കമ്മറ്റി അംഗം എ വിജയരാഘവനെ പരിഗണിക്കാമെന്ന് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റില് ചര്ച്ച. ഭൂരിപക്ഷം അംഗങ്ങളും വിജയരാഘവന്റെ പേര് മുന്നോട്ടുവച്ചതോടെ അദ്ദേഹം സ്ഥാനാര്ത്ഥിയായെത്താനുള്ള സാധ്യതയേറെയാണ്.
കഴിഞ്ഞ മൂന്ന് തവണയും ഇടത് സ്വതന്ത്ര സ്ഥാനാര്ത്ഥികളെയാണ് പാര്ട്ടി പൊന്നാനിയില് പരീക്ഷിച്ചത്. കഴിഞ്ഞ തവണ ഇ ടിയോട് മത്സരിക്കാന് പി വി അന്വറിനെ തിരഞ്ഞെടുത്തത് മുതല് നീണ്ട വിവാദങ്ങള് എല്ഡിഎഫിന് മണ്ഡലത്തില് വെല്ലുവിളിയായിരുന്നു. 521824 വോട്ടാണ് അന്ന് ഇ ടി മുഹമ്മദ് ബഷീര് നേടിയത്. 328551 വോട്ട് അന്വറും 110603 വോട്ട് ബിജെപിയുടെ രമയും നേടി. 2014 ല് നിന്ന് 2019 ലെത്തുമ്പോള് ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് ഇ ടിക്ക് മണ്ഡലത്തില് കൂടുതല് ലഭിച്ചത്. എന്നാല് എല്ഡിഎഫിന് 24000ലേറെ വോട്ടുകള് കുറഞ്ഞു. ബിജെപിക്കാകട്ടെ 35000ലേറെ വോട്ടുകള് കൂടി.
തിരൂരങ്ങാടി, താനൂര്, തിരൂര്, കോട്ടക്കല്, തവനൂര്, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയോജക മണ്ഡലങ്ങള് ഉള്ക്കൊള്ളുന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം. ഇതില് തിരൂരങ്ങാടി, തിരൂര്, കോട്ടക്കല് എന്നീ നിയോജക മണ്ഡലങ്ങള് മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. യുഡിഎഫില് നിന്ന് പിടിച്ചെടുത്ത തൃത്താല ഉള്പ്പെടെ നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഇത് എല്ഡിഎഫിന് ആത്മവിശ്വാസം നല്കുന്നുണ്ട്.