എക്സാലോജികിനെതിരായ കോടതി ഉത്തരവ്; വിധിപ്പകർപ്പ് ഇന്ന് പുറത്തുവിടും, കൂടുതൽ പ്രതിരോധത്തിലായി സിപിഐഎം

എക്സാലോജികിന് എതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി വിധി. ഇതിന്റെ വിശദാംശങ്ങളും വിധിയിലേക്ക് നയിച്ച കാരണങ്ങളും വിധിയുടെ പൂര്ണ്ണരൂപത്തിലൂടെ മനസിലാക്കാനാകും.

dot image

കൊച്ചി: എക്സാലോജികിനെതിരായ കര്ണാടക ഹൈക്കോടതി ഉത്തരവിന്റെ പകര്പ്പ് ഇന്ന് പുറത്തുവിടും. രാവിലെ പത്തരയ്ക്ക് വിധി കര്ണാടക ഹൈക്കോടതിയുടെ വെബ്സൈറ്റില് അപ്ലോഡ് ചെയ്യും. എക്സാലോജികിന് എതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി വിധി. ഇതിന്റെ വിശദാംശങ്ങളും വിധിയിലേക്ക് നയിച്ച കാരണങ്ങളും വിധിയുടെ പൂര്ണ്ണരൂപത്തിലൂടെ മനസിലാക്കാനാകും. ബംഗളുരു പ്രിന്സിപ്പല് ബെഞ്ചിലെ സിംഗിള് ബെഞ്ച് അധ്യക്ഷന് ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് ഉത്തരവ്. ഇന്നലെ ഉച്ചയ്ക്ക് ഒറ്റവാചകത്തില് പൂര്ത്തിയാക്കിയ വിധിയുടെ വിശദാംശങ്ങളാണ് പുറത്തുവരാനുള്ളത്.

വീണാ വിജയൻറെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ സിപിഐഎമ്മും മുഖ്യമന്ത്രിയും കൂടുതൽ പ്രതിരോധത്തിലായി. മടിയിൽ കനമില്ലാത്തത് കൊണ്ട് അന്വേഷണത്തെ ഭയമില്ലെന്ന പഴയ വാദം പാർട്ടിയെ ഇപ്പോൾ തിരിഞ്ഞു കൊത്തുകയാണ്. ഭയപ്പെടാൻ ഒന്നും ഇല്ലെങ്കിൽ എന്തിന് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചു എന്ന ചോദ്യം പാർട്ടി നേതൃത്വത്തിൻെറ ഉത്തരം മുട്ടിക്കുന്നുണ്ട്. നിയമപരമായ തടസം നീങ്ങിയതോടെ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് കൂടി എത്തുകയാണ്.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻെറ കമ്പനിയായ എക്സാലോജിക്കിന് എതിരായ മാസപ്പടി ഇടപാട് പുറത്തുവന്നപ്പോൾ നിയമ പ്രകാരം പ്രവർത്തിക്കുന്ന കമ്പനികൾ തമ്മിലുളള ഇടപാടെന്നായിരുന്നു സിപിഐഎം നേതൃത്വത്തിൻെറ ആദ്യവാദം. എന്നാൽ മാസപ്പടി ഇടപാടിൻെറ ഗൗരവം വർദ്ധിച്ചപ്പോൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുളള കേന്ദ്രഏജൻസികളുടെ അന്വേഷണമാണെന്ന നിലപാടിലേക്ക് കളം മാറ്റി. എന്നാൽ എസ്എഫ്ഐഒ അന്വേഷണത്തെ നേരിടാൻ കോടതിയിൽ ഹർജിക്ക് പോയത് നിയമപരമായ പോരാട്ടം എന്നാണ് ന്യായീകരിക്കപ്പെട്ടത്. എക്സാലോജിക് കമ്പനിയുടെ എല്ലാ വാദങ്ങളും തളളികൊണ്ട് അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കോടതി തന്നെ തള്ളിയതോടെ സിപിഐഎമ്മും മുഖ്യമന്ത്രിയും വീണ്ടും വെട്ടിലായി.

കമ്പനി രജിസ്ട്രാർക്ക് മുന്നിൽ മതിയായ രേഖകൾ ഹാജരാക്കാതെ ജിഎസ്ടി ബില്ല് മാത്രം നൽകുകയാണ് എക്സാലോജിക് ചെയ്തത്. ഇനി അത് സാധിക്കില്ല. കരാർ അടക്കമുളള എല്ലാ രേഖകളും ആവശ്യപ്പെട്ട് എസ്എഫ്ഐഒ വീണക്ക് നോട്ടീസ് നൽകും. ചോദ്യം ചെയ്യാനും രേഖകൾ ഹാജരാക്കാനുമായി എസ്എഫ്ഐഒ സംഘം എത്തുന്നത് വീണയിലേക്ക് മാത്രമല്ല, അതുവഴി മുഖ്യമന്ത്രിയിലേക്ക് കൂടിയാണ്. കോടതി ഉത്തരവ് പുറത്തായ ശേഷം പാർട്ടി നേതാക്കളാരും ഇതേപ്പറ്റി പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല. പാർട്ടിയും സർക്കാരും എത്രമാത്രം ബുദ്ധിമുട്ടിലാണ് എന്നതിൻെറ കൃത്യമായ ഉദാഹരണം ആണിത്.

മാസപ്പടിയിലെ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന വാദം പൊളിഞ്ഞെന്നും ഗുരുതര ക്രമക്കേടാണ് നടന്നതെന്ന് വ്യക്തമായതായും വിമർശനമുണ്ട്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിക്കാനുള്ള നീക്കവും കേന്ദ്ര ഏജൻസികൾ നടത്തുമെന്ന ചിന്ത പാർട്ടിക്കുണ്ട്. ലക്ഷ്യം വെയ്ക്കുന്നത് മകളെയല്ല, മുഖ്യമന്ത്രിയെ തന്നെയാണെന്ന പഴയ വാദമുയർത്തി പ്രതിരോധം തീർക്കാൻ ആയിരിക്കും പാർട്ടി നേതൃത്വത്തിന്റെ ശ്രമം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us