മാനന്തവാടി: കാട്ടാന ആക്രമണത്തില് ജീവന് നഷ്ടപ്പെട്ടിട്ടും മുഖ്യമന്ത്രിയോ വനംമന്ത്രിയോ വയനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ടി സിദ്ദിഖ് എംഎല്എ. അജീഷിന്റെ വീട്ടിലേക്ക് മന്ത്രി തിരിഞ്ഞുനോക്കിയിട്ടില്ല. പോളിന്റെ വീട്ടിലേക്ക് വരുമോയെന്ന് അറിയില്ല. വനംമന്ത്രിയെ പുറത്താക്കണം. വയനാടിന്റെ ചുമതലയില് നിന്നെങ്കിലും അദ്ദേഹത്തെ മാറ്റണം. കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നല്കണം. മുഖ്യമന്ത്രി വയനാട്ടിലെത്തി പ്രശ്നപരിഹാരത്തിന് നേതൃത്വം നല്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. തുടര്ച്ചയായ വന്യജീവി ആക്രമണത്തില് ഇന്ന് വയനാട്ടില് യുഡിഎഫ് ഹര്ത്താല് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആവാസവ്യവസ്ഥയുടെ പുനക്രമീകരണം, ഏകവിള തോട്ടം ഒഴിവാക്കണം, രാത്രികാല പട്രോളിംഗ്, അന്തര്സംസ്ഥാന ഏകോപനം, ഫെന്സിംഗും വാള് ബില്ഡിഗിനും ആവശ്യമായ സാമ്പത്തിക ക്രമീകരണം ഉള്പ്പെടെ മുഖ്യമന്ത്രിയുടെ യോഗത്തിന് മന്ത്രിയുടെ യോഗത്തില് ഉന്നയിച്ചിരുന്നു. അതൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ യോഗത്തില് തത്വത്തില് അംഗീകരിച്ചിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.
പോളിന്റെ മരണത്തിന് കാരണം ചികിത്സ വൈകിയതാണെന്നും ടി സിദ്ദിഖ് ആരോപിച്ചു. വയനാട് മെഡിക്കല് കോളേജിനെ സര്ക്കാര് തകര്ത്തതാണ് പോളിന്റെ മരണത്തിന്റെ കാരണം. രാവിലെ സംഭവിച്ച അപകടത്തില് വൈകിട്ട് പോള് മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് നഷ്ടപ്പെട്ടിരിക്കുന്നത് നിര്ണ്ണായകമായ മണിക്കൂറുകളാണ്. മാനന്തവാടി മെഡിക്കല് കോളേജില് നിന്ന് ഒരാളെ റഫര് ചെയ്യുകയല്ലാതെ ചികിത്സിക്കുന്നത് നടക്കില്ല. ഇത്രയും ഗൗരവകരമായ സാഹചര്യമുള്ള ജില്ലയില് എയര് ആംബുലന്സ് ക്രമീകരണമില്ലെന്ന് ടി സിദ്ദീഖ് ആരോപിച്ചു.
വന്യമൃഗ ആക്രമണം ഉണ്ടായാല് സ്വകാര്യ ആശുപത്രിയില് ചികിത്സിക്കാനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കിനല്കണമെന്ന് പലതവണ മന്ത്രിയോട് പറഞ്ഞിരുന്നു. അവിടുത്തെ സാമ്പത്തികം ആര് കൈകാര്യം ചെയ്യുമെന്നതാണ് സര്ക്കാരിന്റെ ആശങ്ക. പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും നടപടിയില്ലെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്ത്തു.