തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് പിന്തുണയുള്ള ജയ്ഹിന്ദ് ചാനലിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇൻകം ടാക്സ് വകുപ്പ്. ഐടി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ചാനൽ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ന്യൂസ് ചാനലിൻ്റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്കാസ്റ്റിംഗിൽ നിന്ന് കേന്ദ്ര സർക്കാരിന് നൽകാനുള്ള തുക തിരിച്ചുപിടിക്കാൻ നിർദേശിച്ച് രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകൾക്ക് തിരുവനന്തപുരത്തെ സെൻട്രൽ ജിഎസ്ടി, സെൻട്രൽ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസ് നോട്ടീസ് നൽകിയതായാണ് ചാനൽ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ജയ്ഹിന്ദ് ചാനലിൽ നടത്തിയ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ സിബിഐ ആരാഞ്ഞിരുന്നു. വിശദാംശങ്ങൾ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ചാനലിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നത്.
നടപടി തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ നിലവിലിരിക്കെയാണെന്നും ചാനലിൻ്റെ മാനേജിംഗ് ഡയറക്ടർ ബി എസ് ഷിജു വ്യക്തമാക്കുന്നത്. ദൗര്ഭാഗ്യകരമായ ഈ നീക്കം ചാനലിനെ പ്രതിസന്ധിയിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാറും കുടുംബാംഗങ്ങളും നടത്തിയ നിക്ഷേപത്തിൻ്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബർ 22 ന് ചാനലിന് നോട്ടീസ് ലഭിച്ചുരുന്നുവെന്നും ഷിജു വ്യക്തമാക്കി.
2013-2018 കാലയളവിൽ 74 കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് 2020 ൽ ഡി കെ ശിവകുമാറിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൻ്റെ ഭാഗമായി ശിവകുമാറും ഭാര്യ ഉഷ ശിവകുമാറും നടത്തിയ നിക്ഷേപങ്ങൾ, അവർക്ക് നൽകിയ ലാഭവിഹിതം, ഓഹരി ഇടപാടുകൾ, സാമ്പത്തിക ഇടപാടുകൾ, അവർ നടത്തിയ ബാങ്ക് വിശദാംശങ്ങൾ, ഹോൾഡിങ്ങ് സ്റ്റേറ്റ്മെൻ്റ്, അവരുടെ ലെഡ്ജർ അക്കൗണ്ടുകൾ, കരാർ നോട്ടുകൾ, ഇടപാടുകൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാനായിരുന്നു ചാനലിനോട് ആവശ്യപ്പെട്ടിരുന്നത്.