മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് സിപിഐഎം വി പി സാനുവിനെയും അബ്ദുള്ള നവാസിനെയും പരിഗണിക്കുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിലും 2021ലെ ഉപതിരഞ്ഞെടുപ്പിലും ഇവിടെ നിന്നും വി പി സാനു മത്സരിച്ചിരുന്നു. 2019ല് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചപ്പോള് 2014ല് സിപിഐഎം സ്ഥാനാര്ത്ഥി നേടിയതിനെക്കാള് 86736 വോട്ടുകള് മലപ്പുറത്ത് വി പി സാനു അധികമായി നേടിയിരുന്നു. 2021ല് നടന്ന ഉപതിരഞ്ഞെടുപ്പില് അബ്ദു സമദ് സമദാനിയോട് മത്സരിച്ചപ്പോള് 2019ല് നേടിയതിനെക്കാള് 93913 വോട്ടും സാനു കൂടുതലായി നേടിയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയുമാണ് അബ്ദുള്ള നവാസ്.
മുസ്ലിം ലീഗിന്റെ നെടുങ്കോട്ടയെന്ന മണ്ഡലമെന്നറിയപ്പെടുന്ന ലോക്സഭ മണ്ഡലമാണ് മലപ്പുറം. മണ്ഡലം പിറന്നതിന് ശേഷം ഇന്നേ വരെ വലിയ ഭൂരിപക്ഷത്തിന് ലീഗ് വിജയിച്ചു കയറിയ മണ്ഡലം. എംപിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് സമദാനി മലപ്പുറം എംപിയായത്. 1,14,692 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സമദാനി വിജയിച്ചത്. 2019ല് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം 2,60,153 വോട്ടുകള്ക്കായിരുന്നു.