വന്യമൃഗശല്യം നിയന്ത്രിക്കണം; സീറോമലബാർ സഭ

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സമ്പൂർണമായി പുറത്തുവിടണം

dot image

കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പായി അടിയന്തിര പ്രാധാന്യത്തോടെ ദേശീയ, സംസ്ഥാന സർക്കാരുകൾ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടിയെടുക്കണമെന്ന് സിറോ മലബാർ സഭ. വന്യമൃഗങ്ങൾ മനുഷ്യവാസ മേഖലകളിൽ ഇറങ്ങി നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തുന്ന സംഭവങ്ങൾ തുടർച്ചയായുണ്ടാകുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങളെ വനാതിർത്തിയിൽത്തന്നെ തടയുന്നതിനുള്ള സംവിധാനം ഉണ്ടാകണം. നിലവിലെ വനം വന്യജീവി നിയമങ്ങൾ മനുഷ്യപക്ഷത്ത് നിന്ന് മാത്രമേ നടപ്പിലാക്കാവൂ എന്ന ശക്തമായ നിർദേശം സംസ്ഥാന സർക്കാർ വനപാലകർക്കു നൽകണം. കേന്ദ്ര സർക്കാർ വനം വന്യജീവി നിയമങ്ങളിലെ മനുഷ്യവിരുദ്ധ വകുപ്പുകൾ പൂർണമായി ഒഴിവാക്കി ഭേദഗതികൾ കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളാണ് വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് സിറോ മലബാർ സഭ മുന്നോട്ട വച്ചിരിക്കുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പായി അടിയന്തിര പ്രാധാന്യത്തോടെ ദേശീയ, സംസ്ഥാന സർക്കാരുകൾ പരിഹരിക്കേണ്ട മറ്റ് മൂന്ന് വിഷയങ്ങളും സിറോ മലബാർ സഭ മുന്നോട്ടുവയ്ക്കുന്നുണ്ട്. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സമ്പൂർണമായി പുറത്തുവിടണമെന്നാണ് ഇതിൽ പ്രധാനപ്പെട്ട ആവശ്യം. രണ്ടു വർഷക്കാലം നീണ്ട ഗഹനമായ പഠനം പൂർത്തിയാക്കി റിട്ട. ജസ്റ്റിസ് ജെ ബി കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളതാണ്. റിപ്പോർട്ട് സമർപ്പിച്ച് ഒമ്പത് മാസങ്ങൾ കഴിഞ്ഞിട്ടും ഇത് പുറത്ത് വിട്ടിട്ടില്ലെന്നും ഈ റിപ്പോർട്ട് ഉടൻ തന്നെ പൂർണമായും പുറത്തു വിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടു.

സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സംവരണ മനദണ്ഡം പരിഷ്കരിക്കണമെന്നതാണ് മറ്റൊരു ആവശ്യം. മൂന്നുവർഷം കൂടുമ്പോൾ സംവരണ മാനദണ്ഡങ്ങൾ പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ നാലുവർഷം പൂർത്തിയായിട്ടും നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള മാനദണ്ഡങ്ങൾ പലതും അശാസ്ത്രീയവും അപര്യാപ്തവുമാണ്. അതിനാൽ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഉടൻ സ്വീകരിക്കണമെന്നാണ് സിറോ മലബാർ സഭയുടെ ആവശ്യം.

ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാന സർക്കാർ നടപ്പിലാക്കണമെന്ന ആവശ്യവും സിറോ മലബാർ സഭ മുന്നോട്ടുവെച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ പ്രകാരം റസിഡൻഷ്യൽ പ്ലോട്ട് പഞ്ചായത്തുകളിൽ 4.13 സെൻ്റും മുൻസിപ്പാലിറ്റികളിൽ 2.1 സെൻ്റും ആണ്. കേരളത്തിൽ പുരയിടമായി രേഖപ്പെടുത്തിയിരിക്കുന്ന കൃഷിഭൂമികളെയെല്ലാം റസിഡൻഷ്യൽ പ്ലോട്ട് ആയി കണക്കാക്കിയിരിക്കുന്നതിനാൽ പലർക്കും കേന്ദ്ര  ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഇതുമൂലം അനേകായിരങ്ങൾക്ക് അർഹമായ തൊഴിലവസരങ്ങളും ഉന്നത സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങളും നഷ്ടമാകുന്നു. ഇവയൊന്നും കേരളത്തിലെ മറ്റൊരു വിഭാഗത്തിനും പകരമായി ലഭിക്കുന്നുമില്ല. ഇതിനും സമാനമായ മറ്റു പ്രശ്നങ്ങൾക്കും പരിഹാരമായി 2022 സെപ്തംബർ 19 ന് കേന്ദ്രസർക്കാർ വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കുകയും അതു നടപ്പിലാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. പ്രസ്തുത നിർദേശങ്ങളിലെ 9 ആം നമ്പർ പ്രകാരം 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിർമാണ ചട്ടമനുസരിച്ചുള്ള  റസിഡൻഷ്യൽ പ്ലോട്ടിന് പുറത്ത് കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി കൃഷിഭൂമിയായി തന്നെ കണക്കാക്കേണ്ടതാണ്'.  ഈ നിർദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഇത് അടിയന്തിരമായി നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us