ആലപ്പുഴ: സേവനം ചെയ്തതിനാണ് വീണാ വിജയന്റെ കമ്പനിക്ക് പണം നല്കിയതെന്നും അന്വേഷണത്തെ ആരും എതിര്ത്തിട്ടില്ലെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്ക്കാരിനെതിരെയും എം എ ബേബി പ്രതികരിച്ചു.
1977 ലെ തിരഞ്ഞെടുപ്പിന് തുല്യമായ അവസ്ഥയാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. യുപിയില് പ്രഖ്യാപിത അടിയന്തരാവസ്ഥ ഇന്ന് രാവിലെ പ്രഖ്യാപിച്ചു. സമരവും പണിമുടക്കും 6 മാസത്തേക്ക് നിരോധിച്ചിരിക്കുന്നു. കര്ഷകസമരം റിപ്പോര്ട്ട് ചെയ്ത മാധ്യമങ്ങള്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണ്. ഇലക്ടറല് ബോണ്ടിലൂടെ നേടിയ പണം പാര്ട്ടികള് തിരിച്ചടയ്ക്കണം. തിരഞ്ഞെടുപ്പ് ചെലവുകള് സര്ക്കാര് വഹിക്കണം.മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കണോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ചോദ്യം. കോണ്ഗസ് വേണ്ടരീതിയില് ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തില് എല്ഡിഎഫ് നേട്ടമുണ്ടാക്കുമെന്നും 2004 ലെ തിരഞ്ഞെടുപ്പിന് സമാനമായ ഫലം കേരളത്തിലുണ്ടാകുമെന്നും എം എ ബേബി പറഞ്ഞു. തോട്ടപ്പള്ളി കരിമണല് ഖനനവുമായി ബന്ധപ്പെട്ട് സിപിഐഎം നിലപാടില് മാറ്റമില്ല. കുട്ടനാട്ടിലെ വെള്ളം ഒഴുകിപ്പോകാന് തോട്ടപ്പള്ളിയിലെ മണ്ണ് നീക്കണം. അതിന് പൊതുമേഖല കമ്പനിക്ക് അനുമതി നല്കിയിട്ടുണ്ട്. സ്വകാര്യ കമ്പനിക്ക് അനുമതിയില്ല. മണ്ണ് നീക്കുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് മന്ത്രി രാജീവിനോട് ചോദിക്കാമെന്നും എം എ ബേബി കൂട്ടിച്ചേര്ത്തു.