തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ ന്യായമായതാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ രാവിലെ പറഞ്ഞിരുന്നു. ബേലൂർ മഗ്നയെ പിടികൂടാൻ ശ്രമം തുടരുകയാണ്. ദൗത്യം വിജയിക്കാത്തതിനാൽ മയക്കുവെടിവെക്കാൻ ശ്രമം തുടരും. ദൗത്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. ഇന്നലെ കാട്ടാന ആക്രമണത്തിൽ മരിച്ച വനംവകുപ്പ് ജീവനക്കാരൻ പോളിന് ചികിത്സ ലഭ്യമായില്ലെന്ന ആരോപണം മന്ത്രി നിഷേധിച്ചു. വിദഗ്ധ ചികിത്സ നൽകാനുള്ള എല്ലാ ശ്രമവും നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പോളിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യും. വനംവകുപ്പ് കുടുംബത്തിലെ അംഗത്തെ ആണ് നഷ്ടമായത്. പോളിന് വിദഗ്ധ ചികിത്സ നൽകി എന്നാണ് പ്രാഥമിക റിപ്പോർട്ട്. ചികിത്സ വൈകിയെന്ന പരാതിയുണ്ടെങ്കിൽ അന്വേഷിക്കാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വയനാട്ടിൽ വനംവകുപ്പിനെതിരെ ജനരോഷം ശക്തമാണ്. പോളിന്റെ മൃതദേഹവുമായി പ്രതിഷേധിച്ച നാട്ടുകാർ വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. വാഹനത്തിൽ റീത്ത് വെക്കുകയും ചെയ്തു. പുൽപ്പള്ളി ബസ്സ്റ്റാന്റിലാണ് പ്രതിഷേധം തുടരുന്നത്.