തിരുവനന്തപുരം: എസ്എഫ്ഐഒ അന്വേഷണം തളളിക്കൊണ്ടുളള കർണാടക ഹൈക്കോടതി ഉത്തരവിൻെറ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് നേരെ നിരവധി ചോദ്യങ്ങൾ ഉയരുന്നു. 2020-21 കാലം മുതൽ തന്നെ വിവിധ വിഷയങ്ങളിൽ രജിസ്ട്രാർ ഓഫ് കമ്പനീസിനും മകളുടെ കമ്പനിക്കും ഇടയിൽ നടന്നുവരുന്ന ഗുരുതര സ്വഭാവത്തിലുളള ഈ വ്യവഹാരങ്ങൾ പാർട്ടിയെ അറിയിച്ചിരുന്നോ എന്നതാണ് മുഖ്യമന്ത്രിക്ക് നേരെ ഉയരുന്ന ഏറ്റവും പ്രധാന ചോദ്യം. നേരത്തെ നടന്നുവരുന്ന അന്വേഷണങ്ങളുടെ ബാക്കിപത്രമാണ് നടക്കുന്നതെങ്കിൽ ഇപ്പോൾ മാത്രം രാഷ്ട്രീയ പ്രതിരോധത്തിന് ഇറങ്ങാനുളള കാരണമെന്തെന്ന ചോദ്യവും പ്രസക്തമാണ്.
എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള വീണയുടെ ഹർജി തളളിക്കൊണ്ടുളള കർണാടക ഹൈക്കോടതി ഉത്തരവ് നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. കമ്പനി നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 2020-21 കാലം മുതൽ എക്സാലോജിക്ക് കമ്പനിയും രജിസ്ട്രാർ ഓഫ് കമ്പനീസിനും ഇടയിൽ വ്യവഹാരങ്ങൾ നടന്നുവരുന്നതായി ഉത്തരവിൽ പരാമർശമുണ്ട്. ഗുരുതര സ്വഭാവത്തിലുളള ഈ വ്യവഹാരത്തിൻെറ ഫലത്തെക്കുറിച്ചും എക്സാലോജിക് കമ്പനി ഉടമയ്ക്കും ബോധ്യമുണ്ടാവേണ്ടതാണ്. അത് സംരംഭക എന്ന തലത്തിലുളള പ്രശ്നമാണെങ്കിൽ കമ്പനി ഉടമയുടെ പിതാവ് എന്ന നിലയിൽ മുഖ്യമന്ത്രി നേരിടുന്നത് രാഷ്ട്രീയ - ധാർമിക പ്രശ്നങ്ങളാണ്.
ആദായ നികുതി വകുപ്പിൻെറ മാസപ്പടി കണ്ടെത്തലുമായി ബന്ധപ്പെട്ട് മകളുടെ കമ്പനി അകപ്പെട്ടിരിക്കുന്ന കാര്യങ്ങൾ യഥാസമയം ബന്ധപ്പെട്ട പാർട്ടി ഘടകത്തെ അറിയിച്ചിരുന്നോ എന്നതാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രിക്ക് നേരെ ഉയരുന്ന ചോദ്യം. രാഷ്ട്രീയ -ഭരണ നേതാവ് എന്ന നിലയിൽ പുലർത്തേണ്ട രാഷ്ട്രീയ ധാർമികത കൂടിയാണത്. മകളുടെ കമ്പനി നേരിടുന്ന അന്വേഷണം പാർട്ടിയെ അക്കാലത്ത് തന്നെ അറിയിച്ചിരുന്നില്ലെങ്കിൽ അത് ഗുരുതരമായ തെറ്റുമാകുന്നു. ഇനി അറിയിച്ചെങ്കിൽതന്നെ എന്ത് ചെയ്തു എന്ന ചോദ്യവും പ്രസക്തമാണ്.
നേരത്തെ നടക്കുന്ന അന്വേഷണങ്ങളുടെയും വ്യവഹാരങ്ങളുടെയും തുടർച്ചയാണ് ഇപ്പോഴത്തെ അന്വേഷണമെങ്കിൽ മാസപ്പടി വിവാദത്തിന് രാഷ്ട്രീയ പ്രതിരോധം തീർക്കാൻ ചാടിപ്പുറപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യം പാർട്ടി നേതൃത്വത്തിന് എതിരെയും ഉയരുന്നു. പാർട്ടി നേതൃത്വത്തിലുളളവരെ പോലും അതിശയിപ്പിച്ച പിന്തുണയായിരുന്നു സിപിഐഎം വീണാ വിജയന് നൽകിയത്. വിവാദ വ്യവസായിയുമായി മുഖ്യമന്ത്രിയുടെ മകൾ ഉണ്ടാക്കിയ ബിസിനസ് ബന്ധത്തിൽ ധാര്മ്മികത വിശദീകരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമർശനം പാര്ട്ടിക്കകത്ത് പല തലങ്ങളിൽ ഉയരുന്നുണ്ട്. എന്തൊക്കെയോ പന്തികേടുളള ഇടപാടാണെന്ന ധാരണ പാർട്ടിയിലും പൊതുസമൂഹത്തിലും ഉറയ്ക്കുമ്പോൾ അതിൻെറ ഉത്തരവാദി ഇടപാടിൽ ഏർപ്പെട്ടവർ മാത്രമല്ല അതിന് അനുഗ്രഹാശിസുകൾ നൽകിയവരും പിന്തുണച്ചവരും കൂടിയാണ്.