തൊടുപുഴ: വനം വകുപ്പിനെതിരെ ഇടുക്കിയിലും പ്രതിഷേധം ശക്തമാകുന്നു. മാങ്കുളത്ത് ജനകീയ സമരസമിതിയുടെ റിലേ സത്യാഗ്രഹ സമരം മാർച്ച് നാലിന് ആരംഭിക്കും.
വന്യജീവി ശല്യം അതിരൂക്ഷമായി തുടരുന്ന ഇടുക്കിയിലെ മാങ്കുളം പഞ്ചായത്തിൽ വനം വകുപ്പ് വനഭൂമിയുടെ വിസ്തൃതി വർധിപ്പിക്കുവാൻ കൃഷി ഭൂമിയിലേക്ക് കടന്നുകയറ്റം നടത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരെ നിൽക്കുന്ന മാങ്കുളം ഡി എഫ് ഐ യെ മാറ്റണം, വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വനം വകുപ്പിനെതിരെ മാങ്കുളം ജനത ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. ഇതിൻറെ ഭാഗമായി മാർച്ച് നാലാം തീയതി മുതൽ സത്യാഗ്രഹ സമരം ആരംഭിക്കും. ഡി എഫ് ഒ ഓഫീസിന് മുന്നിലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.
മാങ്കുളത്തെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുക, മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റിയ നടപടി പുനപരിശോധിക്കുക, രാജപാത തുറക്കുക തുടങ്ങിയ ആവശ്യങ്ങളും മാങ്കുളത്തെ ജനകീയ സമരസമിതി മുന്നോട്ടുവയ്ക്കുന്നുണ്ട്. മാങ്കുളം ജനതയുടെ സമരത്തിന് വിവിധ രാഷ്ട്രീയ പാർട്ടികളും ഒപ്പം തന്നെ സംസ്ഥാനത്തെ വിവിധ കർഷക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.