ആലപ്പുഴ: എസ്എൻഡിപി യോഗം ഭാരവാഹികൾക്ക് അയോഗ്യതയില്ല. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരായ പരാതിയിൽ രജിസ്ട്രേഷൻ ഐ ജി തീർപ്പു കൽപ്പിച്ചു. എസ്എൻഡിപിയുടെ വാർഷിക റിട്ടേണുകളും ഫയലുകളും കൃത്യമാണെന്നും രജിസ്ട്രേഷൻ ഐ ജിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കമുള്ള എസ്എൻഡിപി ഭാരവാഹികളെ അയോഗ്യരാക്കണമെന്ന് കാട്ടി പ്രൊഫ എം കെ സാനുവാണ് പരാതി നൽകിയത്. പരാതിയിന്മേൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി രജിസ്ട്രേഷൻ ഐ ജിക്ക് നിർദേശം നൽകുകയായിരുന്നു.
രജിസ്ട്രേഷൻ ഐ ജി യുടെ റിപ്പോർട്ടിൽ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എസ്എൻഡിപി യോഗത്തിൻ്റെ കണക്കുകൾ സുതാര്യമാണെന്ന് കണ്ടത്തിയതിൽ അഭിമാനമുണ്ട്. എസ്എൻഡിപി യോഗത്തെ റീസിവർ ഭരണത്തിന് കീഴിൽ കൊണ്ട് വരാനാണ് ചിലർ ശ്രമിച്ചത്. പ്രൊഫ എം കെ സാനുവിനെ ചിലർ കരുവാക്കുകയാണുണ്ടായത്. അദ്ദേഹത്തിന് യോഗത്തിൻ്റെ നടപടി ക്രമങ്ങളെ കുറിച്ച് അറിവില്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ വന്നത് രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും വയനാട്ടിൽ എത്താതിരുന്നത് ഒരു പരിധി വരെ തെറ്റാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു.