കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ആരോപണത്തോടും സിബിഐയും ഇഡിയും അടക്കമുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നുവെന്ന പരാതിയോടും പ്രതികരിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്ത ആലപ്പുഴയിലെയും ചാലക്കുടിയിലെയും വോട്ടർമാർ. കേരളത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണം സംസ്ഥാന സർക്കാരിൻ്റെ പരാജയം എന്നാണ് ആലപ്പുഴയിൽ നിന്നും സർവ്വെയിൽ പങ്കെടുത്ത 69.5 ശതമാനം പേരുടെയും അഭിപ്രായം. കേന്ദ്ര സർക്കാർ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്ന് 20.3 ശതമാനം പേർ അഭിപ്രായപ്പെട്ടു. അറിയില്ലെന്നാണ് 10.2 ശതമാനത്തിൻ്റെ അഭിപ്രായം.
ചാലക്കുടിയിൽ നിന്നും സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും സംസ്ഥാന സർക്കാരിൻ്റെ പരാജയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടു. 52.9 ശതമാനമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയത്. കേന്ദ്ര നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് 31 ശതമാനം പേർ അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് 16.1 ശതമാനം അഭിപ്രായപ്പെട്ടു.
കേന്ദ്രാന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നില്ലെന്നാണ് ആലപ്പുഴയും ചാലക്കുടിയും ഓരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ആലപ്പുഴയിൽ നിന്നും സർവ്വെയിൽ പങ്കെടുത്തവരിൽ 51.6 ശതമാനം പേർ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നില്ല എന്ന അഭിപ്രായക്കാരാണ്. 21.1 ശതമാനം ആളുകൾ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന അഭിപ്രായക്കാരാണ്. 27.3 ശതമാനമാണ് അറിയില്ലെന്ന് അഭിപ്രായപ്പെട്ടത്.
ചാലക്കുടിയിൽ നിന്നും സർവ്വെയിൽ പങ്കെടുത്തവരിൽ 53.9 ശതമാനവും കേന്ദ്രാന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് 22.5 ശതമാനത്തിൻ്റെ അഭിപ്രായം. അറിയില്ലെന്ന് 23.6 ശതമാനം പേർ അഭിപ്രായപ്പെട്ടു.
ആലപ്പുഴ ലോക്സഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിക്കുന്നത്. 2019ൽ ഇടതുമുന്നണി തിരിച്ചുപിടിച്ച ആലപ്പുഴ ഇത്തവണ വീണ്ടും യുഡിഎഫ് വീണ്ടെടുക്കുമെന്നാണ് ആലപ്പുഴയിൽ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്. ആലപ്പുഴയിൽ യുഡിഎഫ് വിജയിക്കുമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 41.3 ശതമാനം അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 40.2 ശതമാനം ആളുകളാണ് അഭിപ്രായം പറഞ്ഞത്. ബിജെപി ആലപ്പുഴയിൽ വിജയിക്കുമെന്ന് 18. 5 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു.
തുടർച്ചയായ രണ്ടാമൂഴത്തിലും ചാലക്കുടി യുഡിഎഫിനൊപ്പമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിക്കുന്നത്. ചാലക്കുടി തിരിച്ചുപിടിക്കാൻ ഇത്തവണയും എൽഡിഎഫിന് കഴിയില്ലെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. ചാലക്കുടിയിൽ യുഡിഎഫ് വിജയിക്കുമെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ 44.5 ശതമാനവും അഭിപ്രായപ്പെടുന്നത്. എൽഡിഎഫ് വിജയിക്കുമെന്ന് 35.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബിജെപി വിജയിക്കുമെന്നാണ് 17.8 ശതമാനത്തിൻ്റെ അഭിപ്രായം. 2 ശതമാനം അറിയില്ലെന്ന് അഭിപ്രായപ്പെട്ടു.
2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആലപ്പുഴ, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിലെ 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.