മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധനം; ഹൈക്കോടതി സിംഗിള് ബെഞ്ച് വിധിക്കെതിരെ അപ്പീൽ

മരട് കൊട്ടാരം ഭഗവതി ദേവസ്വമാണ് അപ്പീൽ നൽകിയത്

dot image

കൊച്ചി: മരട് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനു ഹൈക്കോടതി സിംഗിള് ബെഞ്ച് അനുമതി നിഷേധിച്ചതിന് പിന്നാലെ അപ്പീല് നല്കി ദേവസ്വം. ഡിവിഷന് ബെഞ്ചിലാണ്
അപ്പീല് നല്കിയത്. നേരത്തേ ജില്ലാ കളക്ടറും അനുമതി നിഷേധിച്ചിരുന്നു.അതിന് പിന്നാലെയാണ് ക്ഷേത്രം ഭരണസമിതി ഭാരവാഹികള് ഹൈക്കോടതിയെ സമീപിച്ചത്.
നാളെ വെടിക്കെട്ട് നടത്താനായിരുന്നു സമിതി തീരുമാനിച്ചിരുന്നത്. ക്ഷേത്രം ഭരണസമിതി സ്ഥിരം നിയമലംഘകരാണെന്ന് ഹൈക്കോടതി പറഞ്ഞു. 2002ലെ ഉത്തരവ് അനുസരിച്ച് ക്ഷേത്ര പരിസരം നിശബ്ദ മേഖലയാണെന്നും കോടതി പറഞ്ഞു.

തൃപ്പൂണിത്തുറയില് വെടിക്കെട്ട് അപകടത്തില് രണ്ടുപേര് മരിച്ച സാഹചര്യത്തില് മരടിലെ വെടിക്കെട്ടിനും ജില്ലാ കളക്ടര് അനുമതി നിഷേധിക്കുകയായിരുന്നു. മുന്വര്ഷങ്ങളില്
വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്കിയിരുന്നുവെന്ന് തെക്കേ ചേരവാരം, വടക്കേ ചേരവാരം വിഭാഗങ്ങള് ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല് മുന്വര്ഷങ്ങളില് ഹൈക്കോടതി വിധിയുടെ ലംഘനം നടന്നിട്ടുണ്ടെന്ന് ജസ്റ്റിസ് വിജു എബ്രഹാം പറഞ്ഞു. വെടിക്കെട്ട് നടത്താന് പറ്റിയ സാഹചര്യങ്ങള് ഇല്ലെന്ന് കാണിച്ചാണ് കളക്ടര് അനുമതി നിഷേധിച്ചത്.

എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് നേരത്തെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 21, 22 തീയതികളിൽ നടത്താനിരുന്ന വെടിക്കെട്ടിനായിരുന്നു അനുമതി നിഷേധിച്ചത്. വെടിക്കെട്ടിന് ലൈസന്സ് അനുവദിക്കണമെന്ന ആവശ്യവുമായി ശ്രീ മരട്ടിൽ കൊട്ടാരം ഭഗവതി ദേവസ്വം സെക്രട്ടറി അപേക്ഷ നല്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കളക്ടർ അനുമതി നിഷേധിച്ചത്. തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില് അപേക്ഷയില് വിശദമായ അന്വേഷണം നടത്തിയതിന് ശേഷമായിരുന്നു കളക്ടറുടെ നടപടി.

വെടിക്കെട്ട് നടക്കുന്ന ക്ഷേത്ര മൈതാനത്തിൻ്റെ പരിസരത്ത് വ്യാപാര സ്ഥാപനങ്ങളും വീടുകളും സ്കൂളും ഐടിഐ കെട്ടിടവുമുണ്ട്. നിയമങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താൻ മതിയായ സൗകര്യം ക്ഷേത്ര മൈതാനത്തിലില്ല. പൊതുജനങ്ങള്ക്ക് സൗകര്യപ്രദമായി വെടിക്കെട്ട് വീക്ഷിക്കുന്നതിനുള്ള സ്ഥലം പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്കൂള് പരിസരവുമാണ്. കാഴ്ചക്കാർക്ക് നിശ്ചിത ദൂരപരിധിയിൽ ഇരുന്ന് വെടിക്കെട്ട് കാണാനുള്ള സൗകര്യവുമില്ല. ഇത്തരം അപകട സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് പൊലീസ്, റവന്യൂ, അഗ്നിശ്മന സേന വിഭാഗങ്ങളുടെ റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ കളക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us