2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രവും രാജ്യസുരക്ഷയും പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയരില്ലെന്ന് പാലക്കാട്ടെയും എറണാകുളത്തെയും വോട്ടർമാർ. റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്ത വോട്ടർമാരിൽ വളരെ ചെറിയ ശതമാനം മാത്രമാണ് രാമക്ഷേത്രവും രാജ്യസുരക്ഷയും പ്രധാനതിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. പാലക്കാട് സർവ്വെയിൽ പങ്കെടുത്തവരിൽ 4.6 ശതമാനം രാമക്ഷേത്ര നിർമ്മാണം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടു. സർവ്വെയിൽ പങ്കെടുത്ത പാലക്കാട്ടുകാരിൽ 8.7 ശതമാനം മാത്രമാണ് രാജ്യസുരക്ഷ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാണിച്ചത്. സർവ്വെയിൽ പങ്കെടുത്ത 1.7 ശതമാനം മാത്രമാണ് എറണാകുളത്ത് രാമക്ഷേത്രം പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാണിച്ചത്. എറണാകുളത്ത് 3.5 ശതമാനം ആളുകൾ രാജ്യസുരക്ഷ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്നും അഭിപ്രായപ്പെട്ടു.
പാലക്കാട് പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയർന്ന് വന്നത് വികസന പ്രവർത്തനമാണ്. സർവ്വെയിൽ പങ്കെടുത്തവരിൽ 23.5 ശതമാനമാണ് വികസന പ്രവർത്തനം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. എറണാകുളത്ത് 20.7 ശതമാനമാണ് വികസനത്തിന് വേണ്ടി കൈപൊക്കിയത്. എറണാകുളം വിലക്കയറ്റമാണ് എറണാകുളത്ത് നിന്നും ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയമായി ഉയർന്ന് വന്നത്. 26.6 ശതമാനമാണ് വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിച്ചത്. പാലക്കാട് 17.7 ശതമാനം വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാണിച്ചു.
സ്ഥാനാർത്ഥിയുടെ വ്യക്തിത്വം പ്രധാന വിഷയമെന്ന് പാലക്കാട് നിന്നും സർവ്വെയിൽ പങ്കെടുത്ത 15.7 ശതമാനം അഭിപ്രായപ്പെട്ടു. എറണാകുളത്ത് 12 ശതമാനം ആളുകൾ വ്യക്തിത്വം പ്രധാനവിഷയമാണെന്ന് ചൂണ്ടിക്കാണിച്ചു. പാലക്കാട് 17.6 ശതമാനം വിലക്കയറ്റം പ്രധാനവിഷയമായി ചൂണ്ടിക്കാണിച്ചപ്പോൾ എറണാകുളത്ത് സമാന അഭിപ്രായം പങ്കുവെച്ചത് 14.1 ശതമാനമാണ്. 10.1 ശതമാനം പാലക്കാടുകാർക്ക് അഴിമതി പ്രധാനവിഷയമാണെങ്കിൽ എറണാകുളത്ത് സർവ്വെയിൽ പങ്കെടുത്ത 20.2 ശതമാനം അഴിമതി പ്രധാന വിഷയമാണെന്ന് അഭിപ്രായപ്പെട്ടു. പാലക്കാട് 2.1 ശതമാനം അറിയില്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ എറണാകുളത്ത് സമാന അഭിപ്രായം പറഞ്ഞത് 1.2 ശതമാനമാണ്.
ഇടതുപക്ഷത്തിന് സ്വാധീനമുള്ള പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫിനൊപ്പമെന്ന് പ്രവചിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. പാലക്കാട് തിരിച്ചുപിടിക്കാൻ ഇത്തവണയും ഇടതുമുന്നണിക്ക് കഴിയില്ലെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. സർവ്വെയിൽ പങ്കെടുത്തവരിൽ 41.8 ശതമാനം ആളുകളും യുഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 39.4 ശതമാനം പേരാണ് അഭിപ്രായം പറഞ്ഞത്. ബിജെപി വിജയിക്കുമെന്ന് 18.8 ശതമാനം ചൂണ്ടിക്കാണിച്ചു. അറിയില്ലെന്ന് ആരും അഭിപ്രായപ്പെട്ടില്ല.
മധ്യകേരളത്തിലെ യുഡിഎഫ് കോട്ട ഇത്തവണയും മറിയില്ലെന്ന് പ്രവചിച്ചിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. എറണാകുളത്ത് വിജയക്കൊടി പാറിക്കാൻ എൽഡിഎഫ് ഇനിയും കാത്തിരിക്കണമെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സർവ്വെയിൽ പങ്കെടുത്തവരിൽ 48.1 ശതമാനവും എറണാകുളം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 35.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബിജെപി വിജയിക്കുമെന്ന് അഭിപ്രായപ്പെട്ട് 16.2 ശതമാനമാണ്. അറിയില്ലെന്ന് 0.5 ശതമാനം അഭിപ്രായപ്പെട്ടു.
2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.