കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില് വീണ്ടും സംഘര്ഷം. ഒന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥിയെ എസ്എഫ്ഐക്കാര് മര്ദിച്ചു. മര്ദനമേറ്റ സനാന് റഹ്മാന് ആശുപത്രിയില് ചികിത്സയിലാണ്. സംഘര്ഷത്തെ തുടര്ന്ന് മഹാരാജാസ് കോളേജ് തല്ക്കാലത്തേക്ക് അടച്ചു.
നാളെ സര്വകക്ഷിയോഗം ചേരും. മര്ദ്ദിച്ച എസ്എഫ്ഐക്കാര്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഫ്രെട്ടേണിറ്റി പ്രവര്ത്തകര് പ്രതിഷേധിച്ചു. വിദ്യാര്ത്ഥി സംഘര്ഷത്തെ തുടര്ന്ന് കോളേജ് അടുത്തിടെ അടച്ചിട്ടിരുന്നു. യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റതിന് പിന്നില് കെഎസ്യു- ഫ്രട്ടേണിറ്റി സംഘടനകളാണെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. തുടര്ന്നുണ്ടായ സംഘര്ഷം കുറച്ചുദിവസം നീണ്ടുനിന്നിരുന്നു. ഇതിനിടെ ഭിന്നശേഷിക്കാരനായ അധ്യാപകന് നിസാമുദ്ദീന് വിദ്യാര്ത്ഥികളുടെ മര്ദനമേറ്റതായും ആരോപണമുയര്ന്നിരുന്നു. നിസാമുദ്ദീനെതിരെ കെഎസ്യു, ഫ്രട്ടേണിറ്റി, എംഎസ്എഫ് തുടങ്ങിയ സംഘടനകള് രംഗത്തെത്തിയിരുന്നു.
തുടര്ന്ന് നിസാമുദ്ദീനെ കോളേജ് യൂണിയന് സ്റ്റാഫ് അഡൈ്വസര് പദവിയില് നിന്ന് നീക്കി. പിന്നാലെ ഇന്ന് അധ്യാപകനെ സ്ഥലംമാറ്റി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേക്കാണ് സ്ഥലംമാറ്റം.