ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെ തിരഞ്ഞെടുക്കുമെന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യത്തിന് വി ഡി സതീശന് കൈകൊടുത്ത് പാലക്കാടും എറണാകുളവും. പാലക്കാട് നിന്നും സർവ്വെയിൽ പങ്കെടുത്തവരിൽ 27.7 ശതമാനവും എറണാകുളത്ത് 25.6 ശതമാനവും വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായക്കാരാണ്.
പാലക്കാട് മണ്ഡലത്തിൽ സർവ്വെയിൽ പങ്കെടുത്തവർ വി ഡി സതീശൻ കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതൽ പേർ പിന്തുണയ്ക്കുന്നത് കെ കെ ശൈലജയെയാണ്. 20.3 ശതമാനമാണ് കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത്. പിണറായി വിജയനെ 12.4 ശതമാനവും ശശി തരൂരിനെ 9.9 ശതമാനവും സുരേഷ് ഗോപിയെ 8.9 ശതമാനവും രമേശ് ചെന്നിത്തലയെ അഞ്ച് ശതമാനവും കെ സുരേന്ദ്രനെ 4.3 ശതമാനവും കെ സുധാകരനെ 5.9 ശതമാനവും എം വി ഗോവിന്ദനെ 1.7 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചപ്പോൾ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരും തിരഞ്ഞെടുത്തില്ല. 5.9 ശതമാനം അറിയില്ലെന്ന് അഭിപ്രായമാണ് പങ്കുവെച്ചത്.
എറണാകുളത്ത് വിഡി സതീശന് പിന്നിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ചോയ്സ് കെ കെ ശൈലജയാണ്. 21.7 ശതമാനാണ് കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കുന്നത്. പിണറായി വിജയൻ 19.1 ശതമാനം, സുരേഷ് ഗോപി 16.4 ശതമാനം, ശശി തരൂർ 11.5 ശതമാനം, രമേശ് ചെന്നിത്തല 3 ശതമാനം, കെ സുരേന്ദ്രൻ 1.1 ശതമാനം എന്നിങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള എറണാകുളത്തിൻ്റെ ചോയ്സ്. എം വി ഗോവിന്ദനെയും കെ സി വേണുഗോപാലിനെയും കെ സുധാകരനെയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരും പിന്തുണച്ചില്ല. 1.6 ശതമാനം അറിയില്ലെന്ന് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് ആരെയെന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിയെയാണ് പാലക്കാട് സർവ്വെയിൽ പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ പേർ നിർദ്ദേശിച്ചത്. നരേന്ദ്ര മോദിയെ 20 ശതമാനവും ശശി തരൂരിനെ 6.6 ശതമാനവും അരവിന്ദ് കേജ്രിവാളിനെ 4 ശതമാനവും മമത ബാനർജിയെ 3.9 ശതമാനവും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ 3.3 ശതമാനവും നിതിഷ് കുമാറിനെ 2.4 ശതമാനവും പേർ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു. അറിയില്ലെന്ന് സർവ്വെയിൽ പങ്കെടുത്ത 5.4 ശതമാനം പേർ അഭിപ്രായപ്പെട്ടു.
എറണാകുളത്തിൻ്റെ പ്രധാനമന്ത്രി ചോയ്സ് രാഹുൽ ഗാന്ധിയാണ്. സർവ്വെയിൽ പങ്കെടുത്തവരിൽ 40.5 ശതമാനം പേർ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന് നിർദ്ദേശിച്ചു. നരേന്ദ്ര മോദിയെ 30 ശതമാനവും ശശി തരൂരിനെ 10.2 ശതമാനവും അരവിന്ദ് കേജ്രിവാളിനെ 8.7 ശതമാനവും മമത ബാനർജിയെ 3.9 ശതമാനവും നിതിഷ് കുമാറിനെ 2.2 ശതമാനവും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ ആരും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചില്ല. അറിയില്ലെന്ന് 4.5 ശതമാനവും അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തിന് സ്വാധീനമുള്ള പാലക്കാട് ലോക്സഭാ മണ്ഡലം യുഡിഎഫിനൊപ്പമെന്ന് പ്രവചിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. പാലക്കാട് തിരിച്ചുപിടിക്കാൻ ഇത്തവണയും ഇടതുമുന്നണിക്ക് കഴിയില്ലെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. സർവ്വെയിൽ പങ്കെടുത്തവരിൽ 41.8 ശതമാനം ആളുകളും യുഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 39.4 ശതമാനം പേരാണ് അഭിപ്രായം പറഞ്ഞത്. ബിജെപി വിജയിക്കുമെന്ന് 18.8 ശതമാനം ചൂണ്ടിക്കാണിച്ചു. അറിയില്ലെന്ന് ആരും അഭിപ്രായപ്പെട്ടില്ല.
മധ്യകേരളത്തിലെ യുഡിഎഫ് കോട്ട ഇത്തവണയും മറിയില്ലെന്ന് പ്രവചിച്ചിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. എറണാകുളത്ത് വിജയക്കൊടി പാറിക്കാൻ എൽഡിഎഫ് ഇനിയും കാത്തിരിക്കണമെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സർവ്വെയിൽ പങ്കെടുത്തവരിൽ 48.1 ശതമാനവും എറണാകുളം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയിക്കുമെന്ന് 35.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബിജെപി വിജയിക്കുമെന്ന് അഭിപ്രായപ്പെട്ട് 16.2 ശതമാനമാണ്. അറിയില്ലെന്ന് 0.5 ശതമാനം അഭിപ്രായപ്പെട്ടു.
2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.