ലീഗ് കോട്ടയിൽ ഒരു മുൻ ലീഗുകാരൻ; പൊന്നാനി പിടിക്കാൻ ഇടതിന്റെ 'സ്വതന്ത്ര' തുറുപ്പുചീട്ടോ കെ എസ് ഹംസ

കുഞ്ഞാലിക്കുട്ടിയോടിടഞ്ഞ് ഇടതിനൊപ്പം ചേർന്ന കെ ടി ജലീലിനെ രണ്ട് തവണ വിജയിപ്പിച്ച തവനൂർ നിയമസഭാ മണ്ഡലം പൊന്നാനി ലോക്സഭയുടെ ഭാഗമാണ്. വീണ്ടും മറ്റൊരു കുഞ്ഞാലിക്കുട്ടി വിരുദ്ധനെ ഇറക്കുമ്പോൾ തവനൂർ കൂടി ഉൾപ്പെട്ട പൊന്നാനിയിൽ ഇതേ ട്രെന്റ് ആവർത്തിക്കുമോ?

ജിതി രാജ്
2 min read|21 Feb 2024, 07:10 pm
dot image

പൊന്നാനിയിൽ ഇത്തവണ ഇടത് സ്ഥാനാർത്ഥി വോട്ടുതേടുക അരിവാൾ ചുറ്റിക നക്ഷത്രത്തിലാകുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. പാർട്ടി ഇത്തവണയും സ്ഥാനാർത്ഥിയാക്കുന്നത് പൊതു സ്വതന്ത്രനെത്തന്നെ. എം സ്വരാജ്, വസീഫ് എന്നിവരുടെയെല്ലാം പേരുകൾ ഉയർന്നു കേട്ടിരുന്നെങ്കിലും മുൻ ലീഗ് നേതാവ് കെ എസ് ഹംസയാണ് പാർട്ടിയുടെ പൊന്നാനിയിലെ സർപ്രൈസ് സ്ഥാനാർത്ഥി. ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട കെ എസ് ഹംസയ്ക്ക് പൊന്നാനിയിൽ സീറ്റ് നൽകുന്നതോടെ ലീഗ് കോട്ടയുടെ അടിത്തറയിളക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. കെ എസ് ഹംസയുടെ അപ്രതീക്ഷിതമായ വരവോടെ, ഇനി മുഴുവൻ കണ്ണുകളും പൊന്നാനിയിലേക്കാണ്.

മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയാണ് കെ എസ് ഹംസ എന്നത് തന്നെയാണ് ലീഗ് കോട്ടയിലെ ഇടത് തുറുപ്പു ചീട്ട്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഹംസയും പാർട്ടിയും തമ്മിൽ ഇടയുന്നത്. അന്ന് സംസ്ഥാന സെക്രട്ടയിയായിരുന്ന ഹംസയെ പിന്നാലെ മുഴുവൻ ചുമതലകളിൽ നിന്നു നീക്കി. തുടർന്ന് ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി 2023 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയോടിടഞ്ഞ് പാർട്ടിയിൽ നിന്ന് പുറത്തിറങ്ങി ഇടതിനൊപ്പം ചേർന്ന കെ ടി ജലീലിനെ രണ്ട് തവണ വിജയിപ്പിച്ച തവനൂർ നിയമസഭാ മണ്ഡലം പൊന്നാനിയുടെ ഭാഗമാണ്. വീണ്ടും മറ്റൊരു കുഞ്ഞാലിക്കുട്ടി വിരുദ്ധനെ ഇറക്കുമ്പോൾ തവനൂർ കൂടി ഉൾപ്പെട്ട പൊന്നാനിയിൽ ഇതേ ട്രെന്റ് ആവർത്തിക്കുമോ എന്ന് കണ്ടുതന്നെയറിയണം.

1962 മുതൽ 1971 വരെ മൂന്ന് തവണമാത്രമാണ് പൊന്നാനി ഇടതിനൊപ്പം നിന്നിട്ടുള്ളത്. നിയമസഭയിലേക്ക് രണ്ടാമതും പിണറായി സർക്കാരിനെ ജയിപ്പിച്ച ജനം ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷ ഇടത് പാളയത്തിലുണ്ട്. ഇമ്പിച്ചി ബാവയെയും സി കെ ചക്രപാണിയെയും എം കെ കൃഷ്ണനെയും പിന്തുണച്ച പൊന്നാനി വീണ്ടും ഇടതിന്റെ കൈയിലെത്തിക്കാൻ മുൻ മുസ്ലിം ലീഗ് നേതാവിനാകുമോ എന്ന പരീക്ഷണ വേദികൂടിയാണ് ഇത്തവണ എൽഡിഎഫിന് പൊന്നാനി.

തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയോജക മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് പൊന്നാനി ലോക്സഭാ മണ്ഡലം. ഇതിൽ തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ എന്നീ നിയോജക മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത തൃത്താല ഉൾപ്പെടെ നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഇത് എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നുമുണ്ട്.

പൊന്നാനിയിൽ സ്വതന്ത്രരെ മത്സരിപ്പിച്ച് പലതവണ പരീക്ഷണം നടത്തിയവരാണ് സിപിഐഎം. ഹുസൈൻ രണ്ടത്താണി, നിലവിലെ താനൂർ എംഎൽഎയും മന്ത്രിയുമായ വി അബ്ദുറഹ്മാൻ, നിലമ്പൂർ എംഎൽഎ പി വി അൻവർ എന്നിവരും പൊന്നായിൽ വന്ന് സ്വതന്ത്രരായി പയറ്റി പരാജയപ്പെട്ടവരാണ്. മൂന്ന് പേരും മത്സരിച്ച് പരാജയപ്പെട്ടതാകട്ടെ നിലവിലെ പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറിനോടാണെന്നതും രസകരമായ വസ്തുതയാണ്. ഇത്തവണയും മത്സരം ഇ ടിയോട് തന്നെയാകാനാണ് സാധ്യത.

ഇടി മുഹമ്മദ് ബഷീർ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. എന്നാൽ മലപ്പുറത്തുനിന്നോ പൊന്നാനിയിൽ നിന്നോ എന്നതിൽ മാത്രമാണ് ഇനി വ്യക്തത വരേണ്ടത്. തന്റെ തട്ടകമായ മലപ്പുറം മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന ആഗ്രഹം ഇ ടിക്കുണ്ട്. പകരം പൊന്നാനിയിൽ അബ്ദുസമദ് സമദാനിയെ നിർത്താമെന്നതും ആലോചനയിലുണ്ടെന്നാണ് സൂചന. എന്നാൽ തുടർച്ചയായി മൂന്ന് തവണ, 2009, 2014, 2019 വർഷങ്ങളിൽ തനിക്കൊപ്പം നിന്ന മണ്ഡലം വിട്ട് ഇ ടി കൂടുമാറുന്നത് ബുദ്ധിയാകില്ലെന്ന നിരീക്ഷണവും ഉയരുന്നുണ്ട്. പ്രത്യേകിച്ചും മലപ്പുറത്ത് സിപിഐഎം യുവസ്ഥാനാർത്ഥിയെ ഇറക്കിയിരിക്കുന്ന സാഹചര്യത്തിൽ.

1977 മുതൽ മുസ്ലിം ലീഗിനെ മാത്രം പിന്തുണച്ച മണ്ഡലമാണ് പൊന്നാനി. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഇ ടി മുഹമ്മദ് ബഷീറിനെ വിജയിപ്പിച്ചവരാണ് പൊന്നാനിക്കാർ. 2024 ലേക്ക് വരുമ്പോൾ, ഇതുതന്നെയായിരിക്കും ലീഗിന്റെയും യുഡിഎഫിന്റെയും ആത്മവിശ്വാസവും.

കഴിഞ്ഞ തവണ ഇ ടിയോട് മത്സരിക്കാൻ പി വി അൻവറിനെ തിരഞ്ഞെടുത്തത് മുതൽ നീണ്ട വിവാദങ്ങൾ എൽഡിഎഫിന് മണ്ഡലത്തിൽ വെല്ലുവിളിയായിരുന്നു. 521824 വോട്ടാണ് അന്ന് ഇ ടി നേടിയത്. 328551 വോട്ട് അൻവറും 110603 വോട്ട് ബിജെപിയുടെ രമയും നേടി. 2014 ൽ നിന്ന് 2019 ലെത്തുമ്പോൾ ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് ഇ ടിക്ക് മണ്ഡലത്തിൽ കൂടുതൽ ലഭിച്ചത്. എന്നാൽ എൽഡിഎഫിന് 24000ലേറെ വോട്ടുകൾ കുറഞ്ഞു. ബിജെപിക്കാകട്ടെ 35000ലേറെ വോട്ടുകൾ കൂടി. 47 വർഷമായി മുസ്ലിം ലീഗിനൊപ്പം നിൽക്കുന്ന ജനങ്ങളെ മാറ്റി ചിന്തിപ്പിക്കാൻ എൽഡിഎഫിന് മുന്നിൽ കടമ്പകളേറെയാണെന്ന് തന്നെയാണ് മുൻ ലഫലങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ കുറഞ്ഞ, വോട്ടുകളടക്കം തിരിച്ചുപിടിച്ചുവേണം പൊന്നാനിയിൽ എൽഡിഎഫിന് മുന്നേറാൻ.

ഇ ടി തന്നെയാണ് മത്സരിക്കാനിറങ്ങുന്നതെങ്കിൽ പൊന്നാനിയിൽ മുഖാമുഖം വരിക മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും തമ്മിലുള്ള മത്സരമായിരിക്കുമെന്നത് മണ്ഡലത്തിലെ മത്സരത്തെ കൂടുതൽ കളറാക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us